തിരുവനന്തപുരം: കേരളത്തിൽ ദിവസേന നാല് സ്ത്രീകളും രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്യപ്പെട്ട പ്രൊവിഷണൽ കണക്കുകളാണിത്. ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക പീഡനം ഒന്നര ഇരട്ടി വർധിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള പീഡനം മൂന്നിരിട്ടിയാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജിഷ വധവും സൗമ്യ വധവും സ്ത്രീ സുരക്ഷയെ കുറിച്ച് ചർച്ചകൾ ഉയർത്തിവിടുകയും സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി പല പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം ഓരോ ദിവസവും വർധിച്ചുവരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2011 ലെ സൗമ്യ വധവും 2016 ലെ ജിഷ വധവും നടന്ന കാലയളവ് നോക്കിയാൽ തന്നെ സർക്കാർ കാര്യം മുറപോലെയാണ് നടക്കുന്നതെന്ന് വ്യക്തമാകും. 2012 മാത്രമാണ് ഈ​ കണക്കിൽ കുറവ് കാണിക്കുന്നത് .

Read More: വനിതാദിനത്തോട് കുട്ടികൾ പറയുന്നത്

കുട്ടികള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തില്‍ കേരളം മുന്‍പന്തിയിലെന്നാണ് കേന്ദ്ര ശിശുക്ഷേമമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2008 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്ത്രീകളെപ്പോലെതന്നെ കുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ട്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2008 ല്‍ 548 സ്ത്രീ പീഡനക്കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കേസെടുക്കുമ്പോള്‍ ഇത് 215 ആണ്. 2016 ൽ 1644 സ്ത്രീ പീഡനക്കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ പീഡനത്തിനിരയായ 929 കേസുകളാണ് 2016 ൽ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെപ്പോലെതന്നെ കുട്ടികളും നമ്മുടെ സമൂഹത്തില്‍ പീഡനത്തിരയാവുന്നതിന്റെ തെളിവാണ് താഴെ കാണിച്ചിരിക്കുന്ന കണക്കുകള്‍.
crime, women

വര്‍ഷം കഴിയുന്തോറും റജിസ്റ്റര്‍ ചെയ്യപ്പടുന്ന കേസുകളുടെ എണ്ണവും വര്‍ധിക്കുന്നു. റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബാംഗങ്ങളില്‍നിന്നുമാണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത്. ഇതില്‍ കൂടുതല്‍ കേസുകളിലെയും പ്രതികള്‍ സ്വന്തം അച്ഛനോ രണ്ടാനച്ഛനോ ആണെന്നാണ് ഞെട്ടിക്കുന്ന വസ്തുത. മുത്തച്ഛന്‍, സഹോദരന്‍, ബന്ധുക്കള്‍ പ്രതികളായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലും വലിയ രീതിയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. അധ്യാപകരും സഹപാഠികളും പ്രതികളായ നിരവധി കേസുകളുണ്ട്. ഇവയ്ക്കു പുറമേ പുരോഹിതന്മാര്‍ പ്രതികളായ കേസുകളുമുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ കൂടുതലായും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണ് മുന്‍പന്തിയില്‍.
crime, children

കേരളത്തില്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നത് വര്‍ധിക്കുന്നുവെന്നത് ആശങ്കാജനകമായ വിഷയമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ജെ.സന്ധ്യ പറഞ്ഞു. ഒന്നു പേടിപ്പിച്ചാല്‍ പീഡനത്തിനിരയായ കാര്യം കുട്ടികള്‍ തുറന്നു പറയില്ല എന്നൊരു ധാരണയുണ്ട്. പല കേസുകളിലും ഇതു കാണാം. കുട്ടികളെ വശത്താക്കാന്‍ എളുപ്പമാണ്. കുട്ടികള്‍ കൂടുതലായും പീഡനത്തിനിരയാകുന്നതിന്റെ ഒരു കാരണം ഇതാണ്. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അതു മറച്ചുവയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോള്‍ കൂടിയിട്ടുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലേഴ്‌സിനോട് കുട്ടികള്‍ പീഡനവിവരം തുറന്നു പറയുന്നുണ്ട്. നേരത്തെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ പരിശോധനയില്‍ ഈ വിവരം അറിഞ്ഞാലും മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം പൊലീസിനെ അറിയിക്കാന്‍ തയാറാവുമായിരുന്നില്ല. എന്നാല്‍ ഇന്നവര്‍ ആദ്യംതന്നെ പൊലീസിനെയാണ് അറിയിക്കുന്നത്. ഇതൊക്കെയാണങ്കിലും മറ്റൊരു ദയനീയമായ വസ്തുത പല കേസുകളും ഇപ്പോഴും തീര്‍പ്പാക്കപ്പെട്ടിട്ടില്ലെന്നതാണ്. കോടതികളില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായാണ് കണക്കുകള്‍വ്യക്തമാക്കുന്നതെന്നും സന്ധ്യ പറഞ്ഞു.

Read More: ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന അവകാശവാദം പറയുമ്പോഴും ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്യാതെ പോകുന്നുണ്ടെന്നതും വസ്തുതയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.