കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ്റെ ആവശ്യം കണക്കിലെടുത്താണ് കേസുകൾ മാറ്റിയത്.
പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബു പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് ആവർത്തിക്കുന്നത് .അന്വേഷണവുമായി ബന്ധപ്പെട്ട് നാൽപതോളം പേരുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. വിജയ് ബാബുവിനെതിരെ മറ്റ് ചില തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് വിശദമായ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറും. കേസുകൾ വെള്ളിയാഴ്ച പരിഗണിക്കും.
നേരത്തെ ഏഴാം തിയതി വരെ പ്രതിയെ അറ്റസ്റ്റ് ചെയ്യരുതെന് കോടതി നിർദേശിച്ചിരുന്നു. ഉപാധികളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം നീട്ടിയത്. ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
Also Read: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്