കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കണമെന്ന നടൻ വിജയ് ബാബുവിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. വിജയ് ബാബു സ്ഥലത്തില്ലാത്തതിനാൽ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
വിജയ് ബാബു 30നു രാവിലെ എത്തുമെന്ന് അറിയിച്ചെങ്കിലും കേസ് കുടുതൽ വാദത്തിനായി കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. പ്രതി ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പല കാര്യങ്ങളും മറച്ചുവച്ചാണ് പ്രതി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയിൽ എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ല. പ്രതി എവിടെയാണുള്ളതെന്ന വിവരം പറഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തെന്നറിഞ്ഞ ശേഷമാണ് പ്രതി രാജ്യം വിട്ടതെന്നും അഡിഷണൽ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് ബോധിപ്പിച്ചു.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്നു മാസം കൂടി തേടി ക്രൈം ബ്രാഞ്ച്
അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ ജാമ്യാപേക്ഷ നൽകാമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു വ്യവസ്ഥയുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്ന ഭീതി പ്രതിക്കുണ്ടാവാമെന്നും കോടതി അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.