കൊച്ചി: കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും അതിജീവിതയും. പ്രതിനിയമത്തിൽനിന്ന് ഓടിയൊളിച്ച ആളാണന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസികൂഷൻ നിലപാടറിയിച്ചത്.
വിജയ് ബാബുവിനു 30 വരെ ഇടക്കാല ജാമ്യം നൽകാമെന്നു കോടതി വാക്കാൽ പരാമർശിച്ചു. അതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാം. 30നു വന്നില്ലങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി പറഞ്ഞു.
വിജയ് ബാബു നാട്ടിൽ വരുന്നതല്ലേ പൊലീസിനു നല്ലതെന്നും പണമുണ്ടെങ്കിൽ പുതിയ പാസ്പോർട്ടും പൗരത്വവും വരെ കിട്ടില്ലേയെന്നും കോടതി ചോദിച്ചു.
വിജയ് ബാബുവിന്റെ ദാക്ഷിണ്യം തങ്ങൾക്ക് ആവശ്യമില്ലെന്നും അല്ലാതെ തന്നെ പിടിക്കാൻ സാധിക്കാനും പ്രോസിക്യൂഷനും നിലപാടെടുത്തു. കേസ് നാളത്തേക്കു മാറ്റി
പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി തീരുമാനിച്ചതോടെയാണ് യുവനടി തനിക്കെതിരെ പരാതി നല്‍കിയെതെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയായ നടി അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും വിജയ് ബാബു കോടതിയിൽ ഹാജരാക്കി. 2018 മുതൽ നടിയെ അറിയാമെന്നും അവർ പല തവണ തന്റെ പക്കൽനിന്നു പണം കടം വാങ്ങിയിട്ടുണ്ടെന്നും വിജയ് ബാബു അവകാശപ്പെടുന്നു. ഏപ്രില്‍ 14 ന് തന്റെ സിനിമയിലെ പുതിയ നായികയോട് പരാതിക്കാരി കയര്‍ത്ത് സംസാരിച്ചെന്നും വിജയ് ബാബു പറയുന്നു
വിജയ് ബാബു 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്നാണ് അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന് യാത്രാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് വിജയ് ദുബായിലേക്കു കടന്നത്. ബംഗളുരു വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. നടിക്കെതിരെ വിജയ് ബാബു ഇന്നലെ കോടതിയിൽ ഉപഹർജി സമർപ്പിച്ചിരുന്നു.
Also Read: മതവിദ്വേഷ പ്രസംഗം: പി.സി.ജോർജ് ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു