കൊച്ചി: നടിയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന് യാത്രാ രേഖകളും ഹാജരാക്കി.
വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. പ്രത്യേക യാത്രാ രേഖ നൽകിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്.
വിജയ് ബാബു വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കേസ് പരിഗണിക്കാമെന്നും കോടതിയി പറഞ്ഞു.
കോടതി പറയുന്ന ദിവസം ഹാജരാവാമെന്ന് വിജയ് ബാബുവിന്റെ നിര്‍ദേശം കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാവാമെന്നും വിജയ് ബാബു ബോധിപ്പിച്ചെങ്കിലും ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്ന് കോടതി വ്യക്തമാക്കി. വ്യാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുക.
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
Also Read: അഴിമതി: പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മന്, അറസ്റ്റ്