കൊച്ചി: പീഡനക്കേസിലെ പ്രതിയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ നടി ഹൈക്കോടതിയെ അറിയിച്ചു. വാട്സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയിൽ അവസരങ്ങൾ തടഞ്ഞെന്നും നടി ബോധിപ്പിച്ചു.
വിദേശത്ത് ഒളിവിലിരുന്നപ്പോഴും ഭീഷണി തുടർന്നെന്നും നടി വ്യക്തമാക്കി. വിജയ് ബാബുവിൻ്റ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് കോടതിയിൽ നിലപാടറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്തെന്നുമാണ് പരാതിക്കാരി പറയുന്നത്.
കേസിൽ പരാതിക്കാരിയുടെ വാദം തുടരും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കണക്കിലെടുത്താണ് ജാമ്യഹർജി തള്ളിയത്. പ്രതിയുടെ അറസ്റ്റ് വിലക്ക് തുടരും.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.