scorecardresearch
Latest News

വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരും

നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി

vijay babu, rape case, kerala high court

കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെ കേസിലെ പ്രതി നടന്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനു വിലക്ക് തിങ്കളാഴ് വരെ തുടരും. നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണു കേസുകള്‍ മാറ്റിയത്.

കേസുകളില്‍ അന്വേഷണവുമായി സഹകരിക്കുന്ന വിജയ് ബാബു പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് ആവര്‍ത്തിക്കുന്നത്.അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേരുടെ മൊഴി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. വിജയ് ബാബുവിനെതിരെ മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിശദമായ റിപ്പോട്ട് പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറും.

നേരത്തെ വിജയ് ബാബുവിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം ഉപാധികളോടെ കോടതി നീട്ടിയിരുന്നു. ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ചുകൊണ്ടായിരുന്നു ഉത്തരവ്.

ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.

Also Read: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനു വിജയ് ബാബുവിനെതിരെ ഐ ടി നിയമപ്രകാരം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നിരുന്നു. ബെംഗളുരു വഴിയാണു വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. നടി പരാതി നല്‍കിയതിനു പിന്നായെ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടിരുന്നു.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമാണു നടന്നതെന്നാണ് വിജയ് ബാബുവിന്റെ നിലപാട്. നടിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.

39 ദിവസം വിദേശത്തു കഴിഞ്ഞ വിജയ് ബാബു ഈ മാസം ഒന്നിനാണു കൊച്ചിയില്‍ തിരിച്ചെത്തിയത്. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയായിരുന്നു ഇത്. നാട്ടിലെത്തിയാല്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നു വിജയ് ബാബുവിനു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

Also Read: ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന ഇന്ന് പുറത്തുവിടും; കനത്ത പൊലീസ് സുരക്ഷ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rape case vijay babu high court extends interim protection from arrest