കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിദേശത്തിരുന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇരയെ ഭീഷണിപ്പെടുത്തിയ പ്രതി തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടാനുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിജയ് ബാബുവിനെതിരെ ഭാര്യയുടെ തന്നെ പരാതി മുൻപുണ്ടായിട്ടുണ്ടന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇര ബോധിപ്പിച്ചു.
ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇരയുമായി ബന്ധപ്പെട്ടതെന്നും തെളിവുകളായി വാട്സാപ്പ് ചാറ്റുകളും സന്ദേശവും ചിത്രങ്ങളും ഉണ്ടെന്നാണ് പ്രതിയുടെ അവകാശവാദം. ജസ്റ്റീസ് ബച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്