കൊച്ചി: സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബലാത്സംഗ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിലാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബലാത്സംഗ കേസിൽ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.

കോട്ടയത്തെ കുറവിലങ്ങാട് മഠത്തിൽവച്ച് ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. സഭയിലെ ഉന്നതർക്കാണ് കന്യാസ്ത്രീ ഇതുസംബന്ധിച്ച പരാതി ആദ്യം നൽകിയത്. എന്നാൽ സഭയ്ക്കകത്തുനിന്നും കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ല. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് കേരളം മറ്റൊരു ചരിത്രത്തിന് സാക്ഷിയായത്.

ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്ക് നീതി തേടി മറ്റു കന്യാസ്ത്രീകൾ സമരത്തിനിറങ്ങി. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയ്ക്കൊപ്പം കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്ന അഞ്ചു കന്യാസ്ത്രീകളാണ് സമരവുമായി തെരുവിലിറങ്ങിയത്. കന്യാസ്ത്രീകളുടെ സമരം 13-ാം ദിവസമെത്തുമ്പോഴാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്.

ഇതിനു മുൻപ് കൊലപാതക കേസിൽ വൈദികൻ അറസ്റ്റിലായിട്ടുണ്ടെങ്കിലും ബലാത്സംഗ കേസിൽ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത് ഇതാദ്യമാണ്. 1966 ൽ കോളിളക്കം സൃഷ്ടിച്ച മാടത്തരുവി കേസിലാണ് വൈദികൻ അറസ്റ്റിലായത്. 1966 ജൂൺ 16 നാണ് പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്തുളള മാടത്തരുവിയിൽ വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ബെനഡിക്റ്റ് ഓണംകുളം എന്ന സുറിയാനി കത്തോലിക്ക പുരോഹിതൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അഞ്ച് വര്‍ഷത്തെ കഠിനതടവും വധശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. കത്തോലിക്ക പുരോഹിതൻ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസായിരുന്നു ഇത്. മതിയായ തെളിവില്ലെന്ന കാരണത്താല്‍ 1967 ഏപ്രില്‍ 7ന് ഫാ.ബെനഡിക്ടിനെ കോടതി വെറുതെ വിട്ടു.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസാണ് സിസ്റ്റർ അഭയയുടെ കൊലപാതകം. ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ ഫാ.ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി. ഇതിനെ ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1992 മാ​ർ​ച്ച് 27ന് ​കോ​ട്ട​യ​ത്ത് പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വെന്‍റിലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സിസ്റ്റ​ർ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പത്തൊമ്പത് വയസ്സിലാണ് അഭയുടെ മരണം. കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം.തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു. അഭയയുടെ കൊലപാതകം നടന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോഴും കേസ് ഇതുവരെ തീർപ്പാക്കിയിട്ടില്ല.

അടുത്തിടെ പുറത്തുവന്ന മറ്റൊരു ബലാത്സംഗ കേസിലും പ്രതികൾ വൈദികരായിരുന്നു. കുമ്പസാര വിവരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ഓർത്തഡോക്സ് സഭയിലെ വൈദികരായ എബ്രഹാം വർഗ്ഗീസ്, ജെയ്സ് കെ.ജോർജ്, ജോബ് മാത്യു, ജോൺസൺ മാത്യു എന്നിവരാണ് കേസിലെ പ്രതികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.