കൊച്ചി: വീട്ടമ്മയെ പുരോഹിതൻ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൊബൈൽ  ഫോൺ സന്ദേശങ്ങളുടെയും സംഭാഷണങ്ങളുടെയും വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. താമരശേരി രൂപതയിലെ വൈദികനായിരുന്ന മനോജ് പ്ലാക്കൂട്ടത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടിയാണ് ഫോൺ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.

2017 ജൂൺ 15ന് വൈദികൻ ബലാത്സംഗം ചെയ്‌തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. വീട്ടമ്മയും വൈദികനും തമ്മിൽ ബന്ധമുണ്ടെന്ന് യുവതിയുടെ ഭർത്താവ് 2017 സെപ്‌റ്റംബറിൽ താമരശേരി ബിഷപ്പിന് പരാതി നൽകിയിരുന്നു. പുരോഹിതനെതിരെ നടപടി എടുക്കാമെന്ന് ബിഷപ് അറിയിച്ചിരുന്നു. എന്നാൽ, നടപടി എടുത്തില്ലെന്ന് കാണിച്ച് ഈ വർഷം സെപ്റ്റംബറിൽ ബിഷപ്പിന് വീണ്ടും പരാതി നൽകിയെന്നും പരാതിയിൽ പറയുന്നു.

Read Also: പ്രതിഷേധം ജനാധിപത്യ രീതിയിലായിരിക്കണം; വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി

രണ്ട് പരാതികൾക്കിടയിലെ കാലയളവിൽ വീട്ടമ്മ തന്നെ ശല്യപ്പെടുത്തിയിരുന്നെന്നും തെളിവായി മൊബൈൽ രേഖകൾ ഉണ്ടെന്നുമാണ് പുരോഹിതന്റെ വാദം. പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്ഥലം മാറ്റിയെന്നും പുരോഹിതന്റെ ഹർജിയിൽ പറയുന്നു. എന്നാൽ താൻ ഭർത്താവിനൊപ്പം വിദേശത്തായിരുന്നപ്പോൾ പുരോഹിതൻ ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും വിവരങ്ങൾ പുറത്തു പറയരുതെന്ന് പുരോഹിതന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്നും വീട്ടമ്മ കോടതിയിൽ നൽകിയ കക്ഷി ചേരൽ ഹർജയിൽ ചൂണ്ടിക്കാട്ടുന്നു.

പുരോഹിതന് മുൻകൂർ ജാമ്യം നൽകരുതെന്നും തന്റെ ഭാഗം കൂടി കേൾക്കണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം. താൻ ആത്മഹത്യയുടെ വക്കിലാണെന്നും വൈദികൻ ഭീഷണിപ്പെടുത്തുന്ന വിവരം ബിഷപ്പിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വിവരം പുറത്തുപറയരുതെന്ന് ബിഷപ്പും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.