തിരുവനന്തപുരം: പി.കെ.ശശിക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ സിപിഎമ്മിന്റെ ഭരണഘടനയ്ക്കും അന്തസ്സിനും സദാചാരമൂല്യങ്ങൾക്കും അനുസൃതമായ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് അറിയിച്ചു. എഴുന്നെള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയര്‍പ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ പാരമ്പര്യമല്ല സിപിഎമ്മിന്റേതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അപമാനിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍, സംസ്ഥാനത്തെ മറ്റൊരു പാർട്ടിയും, സിപിഎം സ്വീകരിച്ചതുപോലെയുള്ള കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സിപിഎം പ്രസ്താവനയിൽ അവകാശപ്പെട്ടു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലത്തും ഉറച്ച നിലപാടാണ് തങ്ങൾസ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭങ്ങളില്‍, കര്‍ശനമായ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഓഗസ്റ്റ് പതിനാല് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തെയും കേട്ട ശേഷം ആദ്യ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ അന്വേഷണ കമ്മീഷൻ നിയോഗിച്ചിരുന്നു. അതിനാൽ തന്നെ സംസ്ഥാന സമിതി ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെന്നത് തെറ്റായ പ്രചാരണമാണ്.
2018 ഓഗസ്റ്റ് 14 നാണ്, യുവതി, സിപിഎം സംസ്ഥാന കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത്. പരാതി ലഭിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പരാതിയില്‍ പരാമര്‍ശിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും എംഎൽഎയുമായ പി.കെ.ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു.
ഓഗസ്റ്റ് 31-ന് ചേര്‍ന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറി വിശദീകരിക്കുകയും യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പി.കെ.ശ്രീമതി എംപി, മന്ത്രി എ.കെ.ബാലന് എന്നിവരെ പരാതി അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 31-ന് തന്നെ ചുമതലപ്പെടുത്തി. അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്.
പി.കെ.ശശിക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.