scorecardresearch
Latest News

ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക

ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.

നേരത്തെ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനും കൈമാറിയിരുന്നു. ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളിയിരുന്നു. ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയത്.

കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.

Also Read: സംസ്ഥാനത്ത് ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rape case actor vijay babus passport cancelled