കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ്. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്.
വിജയ് ബാബു വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കേസ് പരിഗണിക്കാമെന്നും കോടതിയി പറഞ്ഞു.
കോടതി പറയുന്ന ദിവസം ഹാജരാവാമെന്ന് വിജയ് ബാബുവിന്റെ നിര്‍ദേശം കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാവാമെന്നും വിജയ് ബാബു ബോധിപ്പിച്ചെങ്കിലും ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്ന്
കോടതി വ്യക്തമാക്കി. വ്യാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുക.
സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് വിജയ് ബാബു ഹർജിയിൽ പറയുന്നത്.
Also Read: ‘ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധം’; ഹൈക്കോടതിയെ സമീപിച്ച് ആക്രമിക്കപ്പെട്ട നടി
നടിയുടെ പരാതി വസ്തുതാപരമല്ലന്നും പണം തട്ടാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഉപാധികള്‍ അംഗീകരിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ അഭിനയിച്ച പരാതിക്കാരി തുടര്‍ന്നും അവസരങ്ങള്‍ക്കായി സമീപിച്ചെന്നും എന്നാല്‍ സിനിമയില്‍ സംവിധായകനാണ് തീരുമാനമെടുക്കുന്നതെന്ന് അറിയിച്ചിരുന്നുവെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറയുന്നു. താന്‍ മാനേജിങ് ഡയറക്ടറായ കമ്പനി നിര്‍മിച്ച ചിത്രത്തില്‍ പരാതിക്കാരിക്കു പ്രധാന വേഷം ലഭിച്ചു. തുടര്‍ന്നും അവസരങ്ങള്‍ക്കായി തന്നെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരി അസമയത്ത് തനിക്ക് പതിവായി സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ആയിരത്തോളം സന്ദേശങ്ങളുണ്ടെന്നും അവ കോടതിയിലും പൊലീസിലും ഹാജരാക്കാമെന്നും വിജയ് ബാബു ബോധിപ്പിച്ചു.
അറസ്റ്റ് ഒഴിവാക്കാൻ ദുബായിയിൽ ആയിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. നേരത്തെ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനും കൈമാറിയിരുന്നു. ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളിയിരുന്നു. ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയത്.
Also Read: വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.