തിരുവനന്തപുരം: തലസ്ഥാനത്ത് ലൈംഗിക പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം പിടിയിൽ. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനുൾപ്പെയുള്ള സംഘമാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി രഞ്ചു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിലാണ് അറസ്റ്റ്. പിടിയിലായവർക്ക് ഓൺലൈൻ പെൺവാണിഭവുമായി ബന്ധമുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഷാഡോ പൊലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഷാഡോ പൊലീസ് തന്നെയാണ് ഇപ്പോള്‍ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. അതിലൊരു കേസ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രഞ്ജു കൃഷ്ണയെ നാലംഗസംഘം ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലാക്കി കുടകില്‍ ഉപേക്ഷിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട നാലംഗ സംഘത്തില്‍പെട്ട പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ