കൊച്ചി: ടാറ്റു സ്റ്റുഡിയോ ലൈംഗികാതിക്രമക്കേസിലെ പ്രതി സുജീഷിനെതിരെ പരാതിയുമായി വിദേശ വനിത. 2019 ല്‍ ഇടപ്പള്ളിയിലെ ടാറ്റു സ്റ്റുഡിയോയില്‍ വച്ച് സുജീഷില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നുത്. ഇമെയില്‍ മുഖേനയാണ് ഇവര്‍ പരാതി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ടാറ്റു ചെയ്യുന്നതിനായി സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയില്‍ എത്തിയത്. മുറിയില്‍ സൗകര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുഹൃത്തിനെ പുറത്താക്കിയതിന് ശേഷമായിരുന്നു ലൈംഗികാതിക്രമം നടന്നത്. സുഹൃത്തിന് സന്ദേശമയക്കാന്‍ ശ്രമിച്ചെങ്കിലും സുജീഷ് ദേഷ്യപ്പെടുകയായിരുന്നെന്നും വിദേശ വനിതയുടെ പരാതിയില്‍ പറയുന്നു.
ഇതോടെ സുജീഷിനെതിരായ പരാതികളുടെ എണ്ണം ആറായി. അഞ്ച് കേസുകള്‍ സുജീഷിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടതായി സുജീഷിനെതിരെ മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടുതല്‍ പേര് ആരോപണവുമായി മുന്നോട്ട് വന്നതോടെ സുജീഷ് ഒളിവില്‍ പോയി. പിന്നീടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരായ യുവതികളില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ ചേരാനെല്ലൂരിലും ആലിന്ചുവടിലുമാണ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോകള്‍. രണ്ടിടത്തും പൊലീസ് റെയ്ഡ് നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും.
Also Read: നേതൃത്വം പ്രതിക്കൂട്ടില്‍; പടയൊരുക്കവുമായി ജി 23 നേതാക്കള്‍