കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുട്യൂബർ ശ്രീകാന്ത് വെട്ടിയാറിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശ്രീകാന്ത് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി.
ഈ മാസം 16 നും 17 നും ചോദ്യം ചെയ്യലിന് ഹാജരാകണം. പാസ്പോർട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകൾ . ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തന്നെ ശ്രീകാന്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
യുവതിയെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും 2015 മുതൽ അടുപ്പമുണ്ടന്നും ഹർജിയിൽ ശ്രീകാന്ത് വ്യക്തമാക്കി. യുവതിയുടെ ജോലി സ്ഥലത്തും വീട്ടിലും പതിവായി സന്ദർശിക്കാറുണ്ട്. താനും യുവതിയും സൗഹൃദത്തിലായിരുന്നുവെന്നും ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും ആരോപണം നിലനിൽക്കില്ലന്നും ശ്രീകാന്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
വ്യവസ്ഥകൾ അംഗീകരിക്കാമെന്നും കേസിൽ ഇടപെടില്ലന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശ്രീകാന്തിന്റെ ആവശ്യം. മാവേലിക്കര സ്വദേശിയാണ് ശ്രീകാന്തിനെതിരെ കഴിഞ്ഞ മാസമാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയത്.
ജനുവരി 18 നായിരുന്നു ശ്രീകാന്തിനെതിരെ ബലാത്സംഗക്കുറ്റത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
ശ്രീകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നും മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ട് മീടു ആരോപണങ്ങള്‍ ഉയർന്നിരുന്നു.
Also Read: ‘ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു’; വിവാദങ്ങളില്‍ പ്രതികരണവുമായി ലോകായുക്ത