കൊച്ചി: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി വ്യാജമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. കളത്തൂപ്പുഴയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർക്കെതിരെ നൽകിയ പരാതിയാണ് കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യാജമെന്ന് തെളിഞ്ഞത്.
പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നൽകിയതെന്നും യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്നാണ്, എഴ് ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.
Read More: സോളർ തട്ടിപ്പ് കേസ്: സരിത നായർ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്
കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ പ്രവർത്തർക്കാകെ കളങ്കം ചാർത്തിയ സംഭവമായിരുന്നു യുവതിയുടെ പരാതിയെന്നും പത്രമാധ്യമങ്ങൾ ആ വാർത്തക്ക് അത്രമേൽ പ്രാധാന്യം നൽകിയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. അതിനാൽ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനും മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
77 ദിവസം പ്രതി ജയിലിൽ കിടന്നുവെന്നും ഇത് അന്യായ തടങ്കലായി കണക്കാക്കേണ്ടി വരുമെന്നും കോടതി വിലയിരുത്തി. പ്രതിയുടെ പ്രവൃത്തി സാന്മാർഗികമല്ലെങ്കിലും നിയമവിരുദ്ധമല്ലന്ന് കോടതി പറഞ്ഞു. രാവും പകലുമില്ലാതെ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തിയ സംഭവത്തിന് ഒരളവുവരെ പരിഹാരം ലഭിക്കാനാണ് പൊലീസ് റിപ്പോർട്ട് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
Read More: മാന്നാറിൽ വീട് ആക്രമിച്ച സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി
കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ അതിക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു എഫ്ഐആർ. കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മർദിച്ചെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ ഉണ്ടായിരുന്നു. രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.