കൽപറ്റ: ലോകമാകെ പടർന്നു പന്തലിക്കുന്ന റാൻസംവെയർ വൈറസുകൾ കേരളത്തിലുമെത്തി. വയനാട്ടിലും പത്തനംതിട്ടയിലുമാണ് വൈറസ് ആക്രമണമുണ്ടായത്. പത്തനംതിട്ടയിലെ കോന്നി അരുവാപ്പുലത്തെയുും വയനാട്ടിലെ തരിയോട് പഞ്ചായത്തിലേയും കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. വയനാട്ടിലെ പഞ്ചായത്ത് ഓഫീസിൽ നാലോളം കംപ്യൂട്ടറുകൾ തകരാറിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച വൈകിട്ട് തന്നെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണത്തിന്റെ സന്ദേശം ലഭിച്ചിരുന്നു. കംപ്യൂട്ടറിന് എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത ഉദ്യോഗസ്ഥർ കംപ്യൂട്ടർ ഓഫാക്കി പോവുകയായിരുന്നു. രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഇന്ന് ഓഫീസിലെത്തി കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാണ് സൈബർ ആക്രമണം സ്ഥിരീകരിച്ചത്.

Ransomware

പത്ത് കംപ്യൂട്ടറുകളാണ് പഞ്ചായത്ത് ഓഫീസിൽ ഉപയോഗിക്കുന്നത്. ഇതിൽ വിൻഡോസ് ഓപ്പറേറ്റിങ്ങ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. വൈറസ് സന്ദേശങ്ങളിൽ മോചന ദ്രവ്യവുംആവശ്യപ്പെട്ടിട്ടുണ്ട്. 600 ഡോളർ വരെയാണ് ആവശ്യപ്പെടുന്നത്. ഈ തുക നൽകിയിലല്ലെങ്കിൽ കംപ്യൂട്ടറിലെ മുഴുവൻ വിവിരങ്ങളും നശിപ്പിച്ചു കളയുമെന്നാണ് ഭീഷണി.

കഴിഞ്ഞ രണ്ട് ദിവസങ്ങൾ അവധിയായിരുന്നതിനാൽ കൂടുതൽ കംപ്യൂട്ടറുകളെ ബാധിച്ചിട്ടുണ്ടോയെന്ന് ഇന്ന് വൈകിട്ടത്തോടെ അറിയാൻ സാധിക്കൂവെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ സർക്കാർ ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതിനാൽ ആക്രമണ ഭീഷണി കുറവാണെന്നാണ് വിലയിരുത്തലുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ