കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ നടി രഞ്ജിനി വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കി. ഇന്നസെന്റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും വിവിധ വകുപ്പുകൾ  പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിനിയുടെ പരാതി.

ഇന്നസെന്റ് നടത്തിയ പരാമര്‍ശം തന്നെ കരയിച്ചുവെന്നും ദേഷ്യവും ഞെട്ടലുമാണ് തനിക്കുണ്ടായതെന്നും രഞ്ജിനി വ്യക്തമാക്കി. “ഒരു രാഷ്ട്രീയക്കാരന് വേണ്ട ഗുണങ്ങള്‍ എംപിയും നടനുമായ ഇന്നസെന്റിനില്ല. പാര്‍ലമെന്ററി വേളകളില്‍ അദ്ദേഹം എന്ത് ചിന്തിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഓരോ മലയാളിയും കേട്ടത്. എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രിയപ്പെട്ട ചേട്ടാ, ഇത് നിങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിലെ കോമഡി രംഗമല്ല,” രഞ്ജിനി വ്യക്തമാക്കി. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും എംപി സ്ഥാനത്ത് നിന്നും ഇന്നസെന്റ് രാജിവയ്ക്കാന്‍ തയാറാകണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

“വിനോദത്തിനോ തമാശ പറയാനോ ഉളള സംഘടനയല്ല അമ്മ. കാര്യങ്ങളെ ഗൗരവത്തോടെ കണ്ട് കലാകാരന്‍മാരുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ തമാശ പറഞ്ഞും മോശം പരാമര്‍ശത്തിലൂടെ സ്ത്രീകളെ വേദനിപ്പിക്കുകയും അല്ല ചെയ്യേണ്ടത്. ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനിലും ഡിജിപിക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. സഹോദരിമാര്‍ക്ക് നീതി ലഭിക്കും വരെ മലയാള സിനിമാ മേഖലയ്ക്ക് കറുത്തദിനങ്ങളാണെന്നും രഞ്ജിനി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ