ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പോക്‌സോ നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ മലയാളത്തില്‍ പ്രസംഗിച്ച് എംപി രമ്യ ഹരിദാസ്. ഉന്നാവ് വിഷയം പരാമര്‍ശിച്ചായിരുന്നു രമ്യ ഹരിദാസ് ബിജെപിക്കെതിരെ പ്രസംഗിച്ചത്. പോക്‌സോ നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എംഎല്‍എ പീഡനക്കേസില്‍ കുറ്റക്കാരനായി നില്‍ക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ബില്‍ ലോക്‌സഭയില്‍ എത്തിയത് വിരോധാഭാസമാണെന്ന് രമ്യ ചൂണ്ടിക്കാട്ടി.

ലൈംഗിക കേസില്‍ പ്രതിയായ എംഎല്‍എയെ ബിജെപി യാതൊരു നിര്‍വാഹവുമില്ലാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അവര്‍ നിര്‍ബന്ധിതരായി എന്നതാണ് വാസ്തവം. സുപ്രീം കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ഉയര്‍ത്തിയ സമ്മര്‍ദം കാരണമാണ് ഏറെ വൈകിയാണെങ്കിലും എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ ബിജെപി തയ്യാറായതെന്ന് രമ്യ ലോക്‌സഭയില്‍ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തവും മാതൃകാപരവുമായ നടപടികള്‍ സ്വീകരിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഭരണസംവിധാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും രമ്യ പറഞ്ഞു.

Read Also: കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി

എന്നാല്‍, പോക്‌സോ നിയമഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുന്ന നടപടിയെയാണ് ചോദ്യം ചെയ്തത്. വേണ്ടത്ര ഗൃഹപാഠങ്ങള്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്ന് രമ്യ ചോദിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി വരും മുന്‍പ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതില്‍ സംശയമുണ്ടെന്നും രമ്യ പറഞ്ഞു. പഴുതടച്ച തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വധശിക്ഷ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാവൂ എന്നും രമ്യ പറഞ്ഞു.

മാതൃഭാഷയെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് രമ്യ മലയാളത്തില്‍ പ്രസംഗം ആരംഭിച്ചത്. സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാനാണ് താല്‍പര്യമെന്നും രമ്യ പറഞ്ഞു. പ്രസംഗത്തിനിടെ ഭരണപക്ഷത്തുനിന്നുള്ള എംപിമാര്‍ ബഹളം വച്ചെങ്കിലും താന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്നും സഭയില്‍ സംസാരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പറഞ്ഞ് രമ്യ പ്രസംഗം തുടരുകയായിരുന്നു.

ഇന്നലെയാണ് പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്.  കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ബില്‍. പോക്‌സോ നിയമഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയതാണ്. ഭേദഗതികളോടെയുള്ള ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്ലിന് അംഗീകാരം ലഭിക്കും. രാജ്യത്ത് നിയമമാകുകയും ചെയ്യും.

ബിൽ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ഉന്നാവ് കേസ് ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി പറഞ്ഞു. ബിൽ ബിജെപി നേതാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾ അനുവദിക്കുന്നതല്ല. തെറ്റ് ചെയ്യുന്ന എല്ലാവർക്കും ബില്ലിൽ പറഞ്ഞതുപോലെ ശിക്ഷാ നടപടികൾ ബാധകമാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. ഉന്നാവ് വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചോദ്യങ്ങളുയർത്തിയിരുന്നു. അപ്പോഴാണ് സ്മൃതി ഇറാനി ബില്ലിനെ മുൻനിർത്തി മറുപടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.