scorecardresearch
Latest News

ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്

വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അതിനാല്‍ നന്ദി പര്യടനത്തില്‍ നീക്കുപോക്കുകളൊന്നും കണ്ടെത്താനും സാധിച്ചില്ലെന്നും രമ്യ ഹരിദാസ്

Ramya Haridas, രമ്യ ഹരിദാസ്, Congress, Alathur, Kunnamaangalam, UDF

ആലത്തൂര്‍: ക്രൗഡ് ഫണ്ടിങിലൂടെ തിരഞ്ഞെടുപ്പ് ചെലവ് സമാഹരിച്ചതിന്റെ കണക്കുവിവരങ്ങള്‍ അവതരിപ്പിക്കാന്‍ വൈകുന്നത് മണ്ഡലത്തിലെ നന്ദി പര്യടനം നീണ്ടുപോയതിനാലാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ക്രൗണ്ട് ഫണ്ടിങിലൂടെ സമാഹരിച്ച പണത്തിന്റെ കണക്ക് വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 23 ന് ശേഷം പത്രസമ്മേളനം നടത്തി പരസ്യമാക്കുമെന്ന് രമ്യ ഹരിദാസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം എംപിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. നന്ദി പര്യടനം നീണ്ടുപോയത് മാത്രമാണ് കണക്ക് അവതരണം വൈകാനുള്ള കാരണമെന്ന് രമ്യ ഹരിദാസ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ

പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മേഖലകളിലെ നന്ദി പര്യടനം വിചാരിച്ചതിലും നീണ്ടു പോയി. ഒരു പഞ്ചായത്തില്‍ 35 ഓളം കേന്ദ്രങ്ങളില്‍ എത്തിയാണ് നന്ദി പ്രകടനം നടത്തുന്നത്. അതിനാല്‍ പര്യടനം പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നു. ലോക്‌സഭാ നടപടികള്‍ വേഗം ആരംഭിച്ചതും അതിന് കാരണമായി. ശനിയും ഞായറും മാത്രമാണ് നന്ദി പര്യടനത്തിനായി ലഭിച്ചത്. അതിനാല്‍ മണ്ഡല പര്യടനത്തിന് കാലതാമസം വന്നു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അതിനാല്‍ നന്ദി പര്യടനത്തില്‍ നീക്കുപോക്കുകളൊന്നും കണ്ടെത്താനും സാധിച്ചില്ല. ഇതുവരെയും തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചുവിട്ടിട്ടില്ല. കമ്മിറ്റി പിരിച്ചുവിടുമ്പോള്‍ കണക്ക് അവതരിപ്പിക്കാം എന്നാണ് തീരുമാനമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ക്രൗണ്ട് ഫണ്ടിങിലൂടെ സമാഹരിച്ച പണത്തിന്റെ കണക്ക് തീര്‍ച്ചയായും പരസ്യപ്പെടുത്തും. അത് ജനങ്ങള്‍ അറിയേണ്ടതാണല്ലോ. നേരത്തെ പറഞ്ഞതുപോലെ തന്നെ കണക്ക് അവതരണം നടത്തും. എന്നാല്‍, അത് എന്നായിരിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. അതിനനുസരിച്ചായിരിക്കും കണക്ക് അവതരണം നടക്കുക എന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല.

Read Also: രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ആയിരം രൂപ പിരിവ്; വിവാദം

പാർലമെന്റ് നടപടികൾ നീണ്ടുപോയതാണ് കണക്ക് അവതരണം വെെകാൻ കാരണമെന്ന് അനിൽ അക്കര എംഎൽഎയും വിശദീകരിച്ചു. പാർലമെന്റ് നടപടികൾ നീണ്ടുപോയതിനാൽ നന്ദി പ്രകടനം കൃത്യസമയത്ത് പൂർത്തിയാക്കാൻ പറ്റിയില്ല. ജൂലെെ 29 നാണ് ഏകദേശം നന്ദി പ്രകടന പരിപാടികളൊക്കെ പൂർത്തിയായത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നന്ദി പര്യടനം നടത്തുന്നത്. പറമ്പിക്കുളം,നെല്ലിയാമ്പതി എന്നിവിടങ്ങളിൽ മാത്രമാണ് നന്ദി പര്യടനം ഇനി നടക്കേണ്ടത്. മഴ കാരണം അവിടെ നടത്താൽ പറ്റിയില്ല. എംപിയുടെ ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടത്താമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, പാർലമെന്റ് നടപടികൾ ഓഗസ്റ്റ് ഏഴിലേക്ക് നീട്ടിയതുകൊണ്ട് ഉദ്ഘാടനം ഓഗസ്റ്റ് 18 ലേക്ക് മാറ്റി. ഓഗസ്റ്റ് 19 നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചുവിടുന്നത്. അതിനു ശേഷം ഓഗസ്റ്റ് 20 ന് കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് അനിൽ അക്കര എംഎൽഎ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: ‘കാറ് വാങ്ങാന്‍ ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടും’; രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനെതിരെ മുല്ലപ്പള്ളി

തിരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസമാഹരണം നടത്തിയത്. ആ അക്കൗണ്ടിലേക്ക് വന്ന തുക ആകെ 80 ലക്ഷമാണ്. അതിൽ 20 ലക്ഷം രൂപ എഐസിസി കെപിസിസി വഴി നൽകിയ പണമാണ്. ബാക്കി 60 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങിലൂടെ അക്കൗണ്ടിലേക്ക് ലഭിച്ചത്. സംഭാവനകൾ വഴി പെെസയും ചെക്ക് ആയി ലഭിച്ചതും എല്ലാം ഈ അക്കൗണ്ടിലേക്കാണ് വന്നത്. തിരഞ്ഞെടുപ്പിന്റെ എല്ലാ ചെലവുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയത്. 70 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കാൻ പറ്റുന്നത്. കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കണക്ക് നൽകിയ സ്ഥാനാർഥി രമ്യ ഹരിദാസാണ്. കൃത്യമായി എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. ആകെ 65 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പിന് ചെലവ് വന്നിട്ടുള്ളതെന്നും അനിൽ അക്കര പറഞ്ഞു.

ആകെ ലഭിച്ച 80 ലക്ഷത്തിൽ 65 ലക്ഷം രൂപ സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചെലവ് വന്നിട്ടുണ്ട്. ബാക്കി വന്ന 15 ലക്ഷം രൂപ എംപിയുടെ ഓഫീസ് വാടകയ്ക്കെടുക്കാനുള്ള അഡ്വാൻസ്, ഓഫീസിലേക്കുള്ള കംപ്യൂട്ടർ, സോളാർ പാനൽ, നന്ദി പ്രകടനത്തിനായുള്ള ചെലവ്, ആഹ്ളാദ പ്രകടനങ്ങൾക്കായുള്ള വാഹനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുകയാണ് ചെയ്തത്. എല്ലാം കഴിഞ്ഞ് പതിനായിരത്തോളം രൂപയാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പിനായി 65 ലക്ഷം രൂപ ചെലവഴിച്ച വിവരം കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 15 ലക്ഷത്തിന്റെ കണക്ക് മാത്രമാണ് ഇനി അവതരിപ്പിക്കാനുള്ളത്. അത് തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചുവിട്ടതിനു ശേഷം ഓൺലെെനിലൂടെ കൃത്യമായി അവതരിപ്പിക്കുമെന്നും അനിൽ അക്കര എംഎൽഎ വ്യക്തമാക്കി.

Read Also: ‘മുല്ലപ്പള്ളിക്കാകാമെങ്കില്‍ എനിക്കും ആകാം’; ആഞ്ഞടിച്ച് അനില്‍ അക്കര

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളെല്ലാം കൃത്യമായി സെെറ്റിൽ ലഭ്യമാണ്. ഇനി സ്ഥാനാർഥി വിജയിച്ച ശേഷം ചെലവായ പണത്തിന്റെ കണക്ക് മാത്രമാണ് അവതരിപ്പിക്കാനുള്ളത്. സ്ഥാനാർഥിയുടെ നന്ദി പ്രകടനം കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചുവിട്ട് ശേഷം ഓഗസ്റ്റ് 19 ന് ആ കണക്കുകളും അവതരിപ്പിക്കും. നന്ദി പ്രകടന പരിപാടികൾക്ക് വാഹനം വാടകയ്ക്കെടുക്കൽ, ഭക്ഷണം, മറ്റ് സജ്ജീകരണങ്ങൾ എന്നിവയ്ക്കെല്ലാം കൂടി 12 ലക്ഷത്തോളം ചെലവ് വരും. മുപ്പത് ദിവസത്തോളം ഉള്ള പരിപാടിയായതിനാൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാറാണുള്ളത്. ഇത്തരം കണക്കുകൾ മാത്രമാണ് ഇനി അവതരിപ്പിക്കാനുള്ളതെന്നും അനിൽ അക്കര എംഎൽഎ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തനിക്ക് പണം വന്ന വഴി ജനങ്ങള്‍ക്കു മുമ്പില്‍ പരസ്യപ്പെടുത്തുമെന്നാണ് രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത്. ഏപ്രില്‍ 23 ന് ശേഷം പത്രസമ്മേളനത്തിലൂടെ കണക്കുകള്‍ പരസ്യമാക്കാനാണ് രമ്യ തീരുമാനിച്ചിരിക്കുന്നതെന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 29 നാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃപ്പാളൂര്‍ ശാഖയില്‍ രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അക്കൗണ്ട് തുടങ്ങിയത്. ഈ അക്കൗണ്ടിലേക്ക് വന്ന തുകയുടെ കണക്കുകള്‍ പരസ്യപ്പെടുത്തുമെന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ടായിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ramya haridas mp crowd funding for election congress alathur mp