പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ അനുവദിക്കണമെന്ന് രമ്യ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുഴുവന്‍ സമയം ആലത്തൂരില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് രാജി സന്നദ്ധത അറിയിച്ചതെന്ന് രമ്യ ഹരിദാസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
Read More: മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാഴ്ന്നു: രമ്യ ഹരിദാസ്
ആലത്തൂരിലേക്ക് കര്‍മ്മ മണ്ഡലം മാറ്റുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല. തല്‍സ്ഥാനത്ത് തുടരാന്‍ തന്നെയാണ് നേതൃത്വം പറഞ്ഞത്. രണ്ടാമതും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും ആലത്തൂരിനായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണിതെന്നും രമ്യ പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കിലോ എന്ന ചോദ്യത്തിനും രമ്യ മറുപടി നല്കി. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആലത്തൂരിലേക്ക് കൂടുതല്‍ ശ്രദ്ധ നല്കാന് വേണ്ടിയാണിത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ആലത്തൂരിനായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
Read More: ‘ആലത്തൂരിലെ എല്ലാ വോട്ടുകളും തനിക്ക് ലഭിക്കും’; വിജയപ്രതീക്ഷയില്‍ രമ്യ ഹരിദാസ്
കുന്ദമംഗലത്ത് 19 അംഗ ഭരണസമിതിയിൽ യുഡിഎഫിനു പത്തും എൽഡിഎഫിന് ഒൻപതും അംഗങ്ങളാണുള്ളത്. രമ്യ ജയിച്ചാൽ അംഗത്വം ഒഴിയേണ്ടി വരും. അപ്പോൾ ബ്ലോക്ക് കക്ഷി നില ഒൻപത് വീതമാകും. ഇപ്പോൾ രാജിവച്ചാൽ ലോക്സഭ ഫലപ്രഖ്യാപനത്തിനു മുൻപേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.