പാലക്കാട്: എ.വിജയരാഘവനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് തരംതാഴ്ന്നുവെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.
തന്റെ പരാതിയില്‍ കേസെടുക്കാത്ത സംസ്ഥാന പൊലീസിന്റെ ഭാഗത്തു നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായതെന്നും, കേരളത്തിലെ സ്ത്രീകളാരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് പൊറുക്കില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം തിരുത്തി. വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നും രമ്യ ഹരിദാസ് ആരോപിച്ചു.
Read More: എ.വിജയരാഘവനെതിരെ കേസെടുക്കില്ല; നിയമനടപടി തുടരുമെന്ന് ചെന്നിത്തല
രമ്യ ഹരിദാസ് നല്കിയ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കരുതെന്ന് മലപ്പുറം എസ്പിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആണ് നിയമോപദേശം നല്‍കിയത്. കേസെടുക്കേണ്ടതായ കുറ്റം ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. ഡിജിപിയുടെ നിയമോപദേശം മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറി.
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ”സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം.