കോഴിക്കോട്: സ്വന്തമായി വാഹനം ഇല്ലാത്തത് അസൗകര്യമായി തോന്നുന്നില്ല എന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോഴിക്കോട് മാധ്യമങ്ങളോടാണ് രമ്യ ഇക്കാര്യം പറഞ്ഞത്. എംപിക്ക് വാഹനം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാഹനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സ്വന്തമായി വാഹനം ഇല്ലാത്തതില്‍ ഇപ്പോള്‍ അസൗകര്യം തോന്നുന്നില്ല. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാല്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് മണ്ഡലത്തിലുള്ളത്. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ വാഹനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മണ്ഡലത്തില്‍ നന്ദി പര്യടനം നടക്കുകയാണെന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു.

Read Also: ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് രമ്യ ഹരിദാസ്; ഉന്നാവ് വിഷയം പരാമര്‍ശിച്ചു

ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും വിഷയമാക്കുന്നില്ല എന്നും രമ്യ പറഞ്ഞു. എന്നും ഇംഗ്ലീഷിലാണ് സംസാരിക്കാറ്. ചുറ്റുപാടും നടക്കുന്ന കാര്യമായതുകൊണ്ട് അത് കൂടുതല്‍ നന്നായി അവതരിപ്പിക്കാന്‍ സാധിക്കുക മലയാളത്തിലാണെന്ന് തോന്നി. അതുകൊണ്ടാണ് മലയാളത്തില്‍ തന്നെ പ്രസംഗിച്ചത്. നേരത്തെ എടുത്ത തീരുമാനമാണിത്. എന്നും ഇംഗ്ലീഷിലാണല്ലോ സംസാരിക്കാറുള്ളത്. അതുകൊണ്ട് ഒരു ചേയ്ഞ്ചിന് വേണ്ടിയാണ് മലയാളത്തില്‍ സംസാരിച്ചതെന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു.

Read Also: കെപിസിസി പ്രസിഡന്റിനെ അംഗീകരിക്കുന്നു; കാർ വേണ്ടെന്ന് രമ്യ ഹരിദാസ്

ഉന്നാവ് വിഷയം പരാമര്‍ശിച്ചായിരുന്നു രമ്യ ഹരിദാസ് ബിജെപിക്കെതിരെ ലോക്സഭയിൽ മലയാളത്തിൽ പ്രസംഗിച്ചത്. പോക്‌സോ നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എംഎല്‍എ പീഡനക്കേസില്‍ കുറ്റക്കാരനായി നില്‍ക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ബില്‍ ലോക്‌സഭയില്‍ എത്തിയത് വിരോധാഭാസമാണെന്ന് രമ്യ ചൂണ്ടിക്കാട്ടി.

ലൈംഗിക കേസില്‍ പ്രതിയായ എംഎല്‍എയെ ബിജെപി യാതൊരു നിര്‍വാഹവുമില്ലാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അവര്‍ നിര്‍ബന്ധിതരായി എന്നതാണ് വാസ്തവം. സുപ്രീം കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ഉയര്‍ത്തിയ സമ്മര്‍ദം കാരണമാണ് ഏറെ വൈകിയാണെങ്കിലും എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ ബിജെപി തയ്യാറായതെന്ന് രമ്യ ലോക്‌സഭയില്‍ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തവും മാതൃകാപരവുമായ നടപടികള്‍ സ്വീകരിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഭരണസംവിധാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും രമ്യ പറഞ്ഞു.

Read Also: രാഹുലിന് പകരം ആര്?

എന്നാല്‍, പോക്‌സോ നിയമഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുന്ന നടപടിയെയാണ് ചോദ്യം ചെയ്തത്. വേണ്ടത്ര ഗൃഹപാഠങ്ങള്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്ന് രമ്യ ചോദിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി വരും മുന്‍പ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതില്‍ സംശയമുണ്ടെന്നും രമ്യ പറഞ്ഞു. പഴുതടച്ച തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വധശിക്ഷ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാവൂ എന്നും രമ്യ പറഞ്ഞു.

മാതൃഭാഷയെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് രമ്യ മലയാളത്തില്‍ പ്രസംഗം ആരംഭിച്ചത്. സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാനാണ് താല്‍പര്യമെന്നും രമ്യ പറഞ്ഞു. പ്രസംഗത്തിനിടെ ഭരണപക്ഷത്തുനിന്നുള്ള എംപിമാര്‍ ബഹളം വച്ചെങ്കിലും താന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്നും സഭയില്‍ സംസാരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പറഞ്ഞ് രമ്യ പ്രസംഗം തുടരുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.