കൊച്ചി: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് 28 ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഉണ്ടായിരിക്കും. 28 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഹൈക്കോടതി പരിസരം, ബാനർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഡിഎച്ച് റോഡ്, എംജി റോഡിൽ ജോസ് ജംങ്ഷൻ മുതൽ എൻഎച്ച്-47എ (നേവൽ ബേസിന് മുൻവശം), തേവര ഫെറി, വാതുരുത്തി, ബിഒടി ഈസ്റ്റ് ജംങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കും.
> പശ്ചിമ കൊച്ചിയിൽനിന്നും ഈ സമയം സിറ്റിയിലേക്ക് വരുന്നവർ ബിഒടി ഈസ്റ്റ് ജംങ്ഷനിൽനിന്നും വലത്തേക്ക് തിരിഞ്ഞ് തേവര ഫെറി കുണ്ടന്നൂർ വൈറ്റില വഴി തിരിഞ്ഞ് പോകണം
> സിറ്റിയിൽനിന്നും ഈ സമയം പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ടവർ വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി, ബിഒടി ഈസ്റ്റ് വഴി തിരിഞ്ഞ് പോകണം
> പശ്ചിമ കൊച്ചി ഭാഗങ്ങളിൽ നിന്നും വിവിഐപി കടന്നുപോകുന്ന റൂട്ടിൽ നിന്നും എയർപോർട്ടിലേക്കും അത്യാവശ്യം പോകേണ്ട മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ട യാത്രക്കാർ യാത്ര നേരത്തെ ക്രമപ്പെടുത്തണം.
> ഈ ഭാഗങ്ങളിലെ റോഡുകളിൽ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുളള യാതൊരു വാഹനങ്ങളുടെയും പാർക്കിങ് അനുവദിക്കില്ല. ഏതെങ്കിലും വാഹനം പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
> വിവിഐപി കടന്നുപോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും ഉദ്ദേശ്യം 20 മിനിറ്റ് മുൻപേ ബ്ലോക്ക് ചെയ്യും. വിവിഐപി റൂട്ടിൽ ഉദ്ദേശ്യം 20 മിനിറ്റ് ഗതാഗത നിരോധനം ഉണ്ടായിരിക്കും.
> വിവിഐപി കടന്നുപോകുന്ന എല്ലാ റോഡുകളിലെയും ഇരുവശവുമുളള താമസക്കാർ വിവിഐപി കടന്നുപോകുന്നതിന് മുൻപ് 30 മിനിറ്റിനുളളിൽ അവരവരുടെ സ്വകാര്യ വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ പാടില്ല.
> കൊച്ചി സിറ്റി പരിധിയിൽ വിവിഐപി കടന്നുപോകുന്ന റോഡുകളിൽ കണ്ടെയ്നർ ലോറികളോ മറ്റു ലോറികളോ ഗതാഗതം നടത്തുന്നതിന് അനുവദിക്കില്ല.
> വിഐപികളുടെ കാർ പാർക്കിങ് റാം മോഹൻ-പാലസ് കോമ്പൗണ്ടിലും, ക്ഷണിതാക്കളുടെ കാർ പാർക്കിങ് മറൈൻഡ്രൈവിലുമാണ് സൗകര്യപ്പെടുത്തിയിട്ടുളളത്. കൂടുതലായി വരുന്ന വാഹനങ്ങൾ കലൂർ മണപ്പാട്ടിപ്പറമ്പിലും, സെന്റ് ആൽബർട്ട്സ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
> വിവിഐപി വാഹന വ്യൂഹം പോകുന്ന സമയത്ത് റോഡിലുളള ജനങ്ങൾ ബാരിക്കേഡിനകത്ത് കയറി നിൽക്കണം
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു തിരുവനന്തപുരത്തെത്തും. നാളെ (28) രാവിലെ 9.45ന് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. 28 ന് രാവിലെ 11 ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.