തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെ വലിയൊരു ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുവരെയുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Also Read: റമീസിനു ഉന്നതരുമായി ബന്ധമെന്ന് സൂചന; മുൻപ് മാൻവേട്ടയിലും തോക്ക് കടത്തലിലും പ്രതി

  1. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷും സന്ദീപ് നായരും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലിരുന്ന തിരുവനന്തപുരത്ത് നിന്ന് എങ്ങനെ വഴിനീളെയുള്ള പരിശോധനകള്‍ കടന്ന് ബെംഗളൂരുവിലെത്തി?
  2. സംസ്ഥാന പൊലീസിന്റെയും സംസ്ഥാന സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളുടേയും സഹായം ലഭിക്കാതെ അവര്‍ക്ക് എങ്ങനെ ബെംഗളൂരില്‍ എത്താന്‍ കഴിഞ്ഞു?
  3. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിആര്‍പിസി 154 അനുസരിച്ച് സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് ഇന്നലെ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടും എന്തു കൊണ്ട് ഇത് വരെ എഫ്ഐആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല.
  4. രാജ്യദ്രോഹമുള്‍പ്പടെയുള്ള അതീവ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്തു കൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ല? മുന്‍പ് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചാരക്കേസ് ഉയര്‍ന്നു വന്നപ്പോള്‍ നേരിട്ട് ആരോപണമുയര്‍ന്നിപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിരുന്നില്ലേ?
  5. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായിട്ടും എന്തു കൊണ്ട് പഴുതടച്ചുള്ള ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല?
  6. ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ?
  7. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗത്തിന് സ്വപ്‌ന ഹാജരാക്കിയത് വ്യാജബിരുദമാണെന്ന് തെളിഞ്ഞിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ എന്തിനാണ് സര്‍ക്കാര്‍ ഇരിക്കുന്നത്? എന്തു കൊണ്ട് അതിനെപ്പറ്റി അന്വേഷിക്കുന്നില്ല?
  8. ഐടി വകുപ്പില്‍ അടുത്ത കാലത്ത് നടന്ന പിന്‍വാതില്‍ നിമനങ്ങളെക്കുറിച്ച് അക്കമിട്ട് ഞാന്‍ ആരോപണം ഉന്നയിച്ചിട്ടും എന്തു കൊണ്ട് അവ റദ്ദാക്കാനോ അതിനെക്കുറിച്ച് അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല?
  9. രാജ്യദ്രോഹക്കുറ്റത്തില്‍ പ്രതിയായ വനിതയെ സര്‍ക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ
  10. ഈ കേസില്‍ ശിവശങ്കരന്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കാന്‍ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഭയപ്പെടുന്നത്?

Also Read: സ്വർണക്കടത്ത്: മലപ്പുറത്തു നിന്ന് ഒരാൾ പിടിയിൽ, ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

അതേസമയം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യാൻ സാധ്യത. മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ സാധ്യതയുള്ളതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതകളുള്ളതായി വാർത്തകൾ പുറത്തുവരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.