തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. സ്ത്രീ ശാക്തീകരണത്തിനായി മാറ്റി വച്ച തുക വനിതാ മതിലിന് വേണ്ടി വിനിയോഗിക്കുമെന്ന സർക്കാർ സത്യവാങ്മൂലത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
50 കോടി ചെലവഴിക്കുന്നെന്ന് പറഞ്ഞത് അഴിമതിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വനിതാ മതിലില്‍ പങ്കെടുക്കാനായി കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ളവരെ നിര്‍ബന്ധിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും 50 കോടി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി 50 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വനിതാ മതില് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന പരിപാടിയുടെ ഭാഗമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ക്കായി നീക്കിവച്ച പണം വിനിയോഗിക്കേണ്ടതുണ്ട്. അതേസമയം, രാജ്യാന്തര ഫിലിം ഫെസ്റ്റിവലും യുവജനോത്സവവും ബിനാലെയും പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വനിതാ മതില് സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി സത്യവാങ്മൂലം നല്കാന് ആവശ്യപ്പെട്ടത്.
ലിംഗ വിവേചനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇത് നയപ്രഖ്യാപന പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. വനിതാ മതിലിനെ ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പരിപാടിയായി മാത്രം കണ്ടാല്‍ മതിയെന്നും ജീവനക്കാരോട് പങ്കാളിത്തം അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.