പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഒറ്റമുറി വീട്ടിൽ എട്ടടിയേക്കാൾ ഉയരമുള്ള മേൽക്കൂരയിലെ കഴുക്കോലിൽ മൂന്നര അടി ഉയരമുള്ള കുട്ടി തൂങ്ങിമരിച്ചതും അതിന് മുൻപ് 14 കാരി ചേച്ചി ഇതേ കഴുക്കോലിൽ തൂങ്ങിമരിച്ചതും കൊലപാതകങ്ങൾ ആണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകുമെന്ന് ചെന്നിത്തല പറഞ്ഞു.

മൂത്തകുട്ടിയുടെ കൊല നടത്തിയവരെ കണ്ടതാണ് ഇളയകുട്ടിയുടെയും ജീവൻ നഷ്ടമാക്കിയതെന്ന് എങ്ങലടിക്കിടയിലും മാതാപിതാക്കൾ പറഞ്ഞൊപ്പിച്ചതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
കേസന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ മൂന്ന് അന്വേഷണ സംഘങ്ങളെ ആണ് തുടർച്ചയായി മാറ്റിയത്. അന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ഉയർന്ന ഉദ്യോഗസ്‌ഥർക്കാണ്. എസ്. ഐ യെ സസ്‌പെന്റ് ചെയ്ത് ഈ മഹാപാതകത്തിൽ നിന്നും സർക്കാരിന് കൈകഴുകാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികളെ സംരക്ഷിക്കാനാണ് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ശ്രമിച്ചത്. ആര് വിളിച്ചു പറഞ്ഞിട്ടാണ് ആദ്യം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്? എന്തിനാണ് ക്രൂരകൃത്യം നടത്തിയ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചത്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്. കണ്ണിൽ ചോരയില്ലാത്ത ഈ ക്രൂരത കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുട്ടികള്‍ മരിച്ച സംഭവത്തിൽ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുടെ പിതൃസഹോദര പുത്രനായ കല്ലങ്കാട്ട് മധു (27), കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു (43)എന്നിവരാണ് അറസ്റ്റിലായത്.

ബന്ധു മകളെ പീഡിപ്പിക്കുന്നത് കാണാനിടയായിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ നേരത്തെ പോലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, സഹോദരിമാരിൽ മൂത്തയാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും പീഡനം സംബന്ധിച്ച സൂചനയുണ്ടായിട്ടും, കേസെടുക്കാനും പ്രതിയെ പിടികൂടാനും നടപടിയുണ്ടായില്ലെന്നാണ് കണ്ടെത്തൽ. ആരോപണ വിധേയനായ വ്യക്തിയെ കസ്റ്റഡിയിലെടുത്തു വിട്ടയക്കുകയായിരുന്നു. അന്ന് ഫലപ്രദമായ നടപടി എടുത്തിരുന്നെങ്കിൽ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.

നേരത്തെ, അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് കസബ എസ്.ഐ പി.സി. ചാക്കോയെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു ഡി.വൈ.എസ്പിമാർ, കസബ മുൻ സി.ഐ എന്നിവർക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. നർക്കോട്ടിക് സെൽ ഡി.വൈ.എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.