/indian-express-malayalam/media/media_files/uploads/2020/08/Ramesh-Chennithala.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ളവോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമാരിയെപ്പോലുള്ളവരുടെ പേരില്‍ അവരറിയാതെ വോട്ടര്‍ ഐഡി ഉണ്ടാക്കി ഇങ്ങനെ കള്ളവോട്ട് ചെയ്യുകയാണ്. അതുകൊണ്ടു കൂടിയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാന്‍ തങ്ങള്‍ തയാറായതെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്തുണ്ട്. അവരുടെ കൈവശം ഒരു ഇലക്ടറൽ കാർഡ് മാത്രമേ ഉള്ളൂ എങ്കിൽ മറ്റ് നാല് ഇലക്ടറൽ കാർഡുകൾ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് കുമാരിയുടെ പേരിലുള്ള മറ്റ് ഇലക്ടറൽ കാർഡുകൾ ഇപ്പോൾ ഉളളത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേർക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് തെളിവ് സഹിതം താന്‍ ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആ വിവരം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
ഓരോ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ ഒരേ പേരുകാര്‍ തന്നെ നിരവധി തവണ ആവര്‍ത്തിക്കപ്പെടുകയും ഒരേ ആള്‍ക്ക് നിരവധി തവണ ഇലക്ടറല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകളാണ് ആവര്‍ത്തിച്ചിരിക്കുന്നത്.
ഇതിന് ഉദാഹരണമായി ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുമാരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ അഞ്ചിടത്താണുള്ളത്. എന്നാല്‍ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണെന്നും അവരുടെ കൈവശം ഒരു ഇലക്ടറല്‍ കാര്‍ഡ് മാത്രമേ ഉള്ളൂ എന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.