തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പരാമര്‍ശം നടത്തിയെന്നതടക്കമുള്ള വിവാദങ്ങളില്‍ പ്രതിരോധത്തിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. സുധാകരന്റേത് നാക്കുപിഴയാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണ് വിവാദം അവസാനിപ്പിക്കണം. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ സുധാകരന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എല്ലാ കോണ്‍ഗ്രസുകാരും മുന്നോട്ടു പോകുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്. നാക്കു പിഴയാണ് എന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. കെ. സുധാകരന്റെ മതേതര നിലപാടിന് ബി.ജെ.പിയുടേയോ സി.പി.എമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് കത്ത് അയച്ചിട്ടില്ലെും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
വിവാദങ്ങളുടെ പേരില്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് കെ.സുധാകരന്‍ പ്രതികരിച്ചത്. താന്‍ സ്ഥാനം ഒഴിയാമെന്ന് ആരെയും അറിയിച്ചിട്ടില്ല. സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് നേതൃത്വത്തിന് കത്തയച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് സുധാകരന്‍ പ്രതികരിച്ചത്. സുധാകരന്റെ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം, കെ.സുധാകരന്‍ തുടരെ നടത്തുന്ന വിവാദ പരാമര്‍ശങ്ങളില്‍ എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. സംഘടനാ കോണ്‍ഗ്രസിലായിരുന്ന കാലത്ത് ആര്‍എസ്എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കി, വര്‍ഗീയ ഫാസിസത്തോടു ജവഹര്‍ലാല്‍ നെഹ്‌റു സന്ധി ചെയ്തു തുടങ്ങിയ സുധാകരന്റെ പ്രതികരണമാണ് വിവാദമായത്. അതേസമയം വിവാദത്തില്‍ സുധാകരന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചതായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.
ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന നുണ വരെ അടിച്ചുവിടുകയാണ്. രണ്ടാഴ്ച മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന സമാനമായി തെറ്റായ വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നു. പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.