കൊച്ചി: ഹർത്താൽദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. വരനും ബന്ധുക്കളും പാർട്ടി നേതാക്കളും കാറുകളിൽ എത്തിയപ്പോൾ സ്കൂട്ടറിലാണ് ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തിന് എത്തിയത്.
ഭാരത് ബന്ദിനോട് അനുബന്ധിച്ച് നടന്ന കാളവണ്ടി സമരത്തിൽ പങ്കെടുത്തശേഷമാണ് രമേശ് ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തിനായി എത്തിയത്. കൊച്ചി പനമ്പളളി നഗറിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. ഹർത്താൽദിന പരിപാടികൾക്ക്ശേഷം പാർട്ടി പ്രവർത്തകനൊപ്പം സ്കൂട്ടറിലാണ് ചെന്നിത്തല എത്തിയത്.
ഭാരത് ബന്ദ്: തത്സമയ റിപ്പോർട്ടുകൾ
ഹൈബി ഈഡനും ജോസഫ് വാഴക്കനും അടക്കമുളള കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ഹർത്താൽദിനത്തിൽ കാറുകളിലാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹ നിശ്ചയ ചടങ്ങ് രണ്ടു മാസം മുൻപേ നിശ്ചയിച്ചതാണെന്നും ഈ മാസം കഴിഞ്ഞാൽ വേറെ നല്ല മുഹൂർത്തം ഇല്ലാത്തതിനാലാണ് മാറ്റിവയ്ക്കാൻ കഴിയാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ചെന്നിത്തലയുടെ മകൻ രോഹിത്. അമേരിക്കയിൽ ഡോക്ടറാണ് വധു.