ആര്‍എസ് നേതാവിന്റെ ഒരു കോടിയുടെ ക്വട്ടേഷന്‍: ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്റ് ചെയ്‌തു ജയിലിൽ അടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉടൻ ഇതിനു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങൾ അഴിച്ചു വിടുകയും , ആയുധങ്ങളുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാർ രീതി അവസാനിപ്പിച്ചേ തീരൂ. സ്ഥലം എംപിയുടെയും എം എൽ എ യുടെയും സാന്നിധ്യത്തിൽ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ്. ഡോ.ചന്ദ്രാവത്ത് എന്ന മധ്യപ്രദേശിലെ ഉജ്ജയ്നിലെ ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ആർഎസ്എസ് ഭീഷണിയെ പിണറായി വിജയൻ ചിരിച്ചുതള്ളി.ആർഎസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് സഞ്ചാരം മുടക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.

കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നേതാവിന്‍റെ ഭീഷണി. നേരത്തെ മധ്യപ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ പിണറായി വിജയന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പിണറായി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നീട് മംഗാലാപുരത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കില്ലെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കിയെങ്കിലും പിണറായി പങ്കെടുത്തിരുന്നു. മംഗലാപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ ആര്‍എസിഎസിനെ കടന്നാക്രമിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ