തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ താൽപര്യം കാട്ടിയിട്ടും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ക്ഷണിക്കാന്‍ തയ്യാറാവാത്തതിനാല്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം മുടങ്ങിയത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ മാസം 27 മുതല്‍ ഡിസംബര്‍ 2 വരെ മാര്‍പ്പാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യൻ യാത്രയില്‍ പ്രധാന സന്ദര്‍ശന രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. പക്ഷേ സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാര്‍പാപ്പയെ ക്ഷണിക്കേണ്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായതെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ നൂറ്റാണ്ടുകളായി പിന്‍തുടരുന്ന മതേതര സങ്കല്പങ്ങള്‍ക്കും സമഭാവനയ്ക്കും കടക വിരുദ്ധമാണ് ഈ നടപടി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസിന് കളങ്കം വരുത്തി വയ്ക്കുന്ന നടപടിയുമാണിത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യസന്ദര്‍ശിച്ചപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണിപ്പോഴും സംഭവിച്ചതെന്ന് രമേശ് ആരോപിച്ചു.
ലോകം ആദരവോടെ കാണുന്ന വ്യക്തിത്വമാണ് മാര്‍പാപ്പയുടേത്. സങ്കുചിതമായ താത്പര്യങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റു തിരുത്താന്‍ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അടുത്തയാഴ്ച മാർപാപ്പ ദക്ഷിണേഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശും മ്യാന്മാറും സന്ദർശിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യാ സന്ദർശനത്തിന് താൽപര്യം കാണിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് ആരോപണമുയർന്നത്. പരമാധികാര രാജ്യത്തിന്രെ ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കാൻ മോദി സർക്കാർ തയ്യാറായില്ലെന്നാണ് ആരോപണം. 1999 ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ച സമയത്ത് സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇത്തവണ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെയും സംഘപരിവാർ എതിർക്കുന്നതിനാലാണ് കേന്ദ്രസർക്കാർ അദ്ദേഹത്തെ ക്ഷണിക്കാതിരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
നയതന്ത്രബന്ധങ്ങൾക്ക് വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്നും അതനുസരിച്ചുളള നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും ഭരണകർത്താക്കൾ സന്ദർശനം നടത്തുകയെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് രാജ്യങ്ങളിലേയ്ക്കുളള സന്ദർശനത്തിനായി ദക്ഷിണേഷ്യയിൽ എത്തുന്ന പോപ്പ് ഫ്രാൻസിസ് ഈ മാസം 27 മുതൽ 30 വരെ മ്യാന്മാറിലും നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ ബംഗ്ലാദേശിലുമാണ് സന്ദർശനം നടത്തുക.