തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ സർക്കാർ എല്ലാ രംഗത്തും ദയനീയ പരാജയമാണെന്നും കോവിഡിന്റെ മറവിൽ ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും മൂടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ.

ഈ സര്‍ക്കാര്‍ കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പറയത്തക്ക ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റിയെന്നത് അവരുടെ അവകാശവാദം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. നവകേരള നിർമ്മാണത്തില്‍ ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല. ലോകബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റി ചെലവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Read More: പല പ്രതിസന്ധികളുണ്ടായിട്ടും തളർന്നില്ല, ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ല: പിണറായി വിജയൻ

ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്ക് രാജഭരണകാലവും കാരണമാണെന്നും എന്നാല്‍ കേരളത്തിന്റെ നേട്ടം ഒരു സര്‍ക്കാരിന്റേത് മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിനായി 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും പൂര്‍ത്തിയാക്കിയത് യുഡിഎഫ് കാലത്താണ്. വിഴിഞ്ഞം എന്ന് പൂര്‍ത്തിയാകുമെന്ന് ഈ സര്‍ക്കാരിന് പറയാനാകുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

പിആര്‍ വര്‍ക്ക് നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രളയ ഫണ്ട് മുക്കിയതിലും രാഷ്ട്രീയ കൊലപാതകങ്ങളിലും സര്‍ക്കാരിന് മറുപടിയില്ല. ദുരന്ത സമയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് സഹകരിച്ചാണ് നിന്നിരുന്നത്. എന്നാല്‍ ക്രമക്കേട് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ മടിച്ചിട്ടില്ലെന്നും അത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച വീടുകളില്‍ ഏറിയ പങ്കും സന്നദ്ധ സംഘടനകള്‍ വച്ചു നല്‍കിയതാണെന്ന് ചെന്നിത്തല പറഞ്ഞു. കൃഷി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം ലഭിച്ചിട്ടില്ല എന്ന പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയതില്‍ 2120 കോടി രൂപ ഇപ്പോഴും ചിലവഴിക്കാതെ ബാക്കിയാണ്.

ഓഖി സൃഷ്ടിച്ച ദുരന്തങ്ങളില്‍നിന്നു കരകയറാനായി ധനകാര്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ തീരദേശ പാക്കേജില്‍നിന്നും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും റീ ബില്‍ഡ് കേരള പദ്ധതികളെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook