തിരുവനന്തപുരം: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലകേസിലെ പ്രതിയായ ആളെ ആരാണ് ആരോഗ്യവകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചത് എന്നും ആരോഗ്യവകുപ്പ് മന്ത്രിയും സര്‍ക്കാരും ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഇതിനെ ലാഘവത്തോടെ കാണാന്‍ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ആറൻമുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് കൃത്യം നടക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More: ആംബുലൻസ് പീഡനം: ആരോടും പറയരുതെന്ന് അഭ്യർഥിച്ചു, പ്രതിയുടെ ശബ്‌ദം റെക്കോർഡ് ചെയ്‌തു

കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലൻസ് ഡ്രൈവര്‍ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പ്രതിയായ ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെൺകുട്ടി ഫോണിൽ റെക്കോർഡ് ചെയ്‌തു. ഇത് കേസിൽ നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.

പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്. തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആംബുലൻസ് ഡ്രൈവറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 108 ആംബുലൻസ് ഡ്രെെവർ നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.

ആശുപത്രിയിലെത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം കോവിഡ് രോഗി അധികൃതരെ അറിയിച്ചു. കോവിഡ് രോഗിയെ പീഡിപ്പിച്ച നൗഫൽ വധശ്രമക്കേസ് പ്രതിയാണെന്നും സൂചനയുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരവങ്ങൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook