തിരുവനന്തപുരം: നാമജപ സമരത്തെ അതേനാണയത്തിൽ പ്രതിരോധിക്കാൻ വനിതാ മതിൽ തീര്‍ക്കാനുളള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തേനില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലെ മിനുട്സ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ 5ന് സായാഹ്ന ധര്‍ണ്ണ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

സ്ത്രീ വിഷയത്തിൽ സ്ത്രീകളെ തന്നെ അണിനിരത്തി മറുപടി നൽകുന്നതിനായാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്നോക്ക-ദളിത് സമുദായ സംഘടനകളെ ഒപ്പം നിർത്തിയുള്ള സമരം ഒരേസമയം കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടി കൂടിയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന നവോത്ഥാന സംഘടനാ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുണ്ട യുഗത്തിലേക്ക് പോകാനില്ലെന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് കാസര്‍കോഡ് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യത്തെ അവസരമാക്കി മാറ്റാനാണ് വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഹിന്ദു മതത്തിലെ പ്രധാന സമുദായ സംഘടനകളിൽ ഭൂരിപക്ഷത്തെയും ഒപ്പം കൂട്ടി ലക്ഷ കണക്കിന് സ്ത്രീകളെ അണിനിരത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടക ചുമതല വെളളാപ്പളളി നടേശനും പുന്നല ശ്രീകുമാറിനുമാണ്. ഹിന്ദു മതത്തിൽ ആളെണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംഘടനകളായ എസ്എൻഡിപിയും കെപിഎംഎസും വരുന്ന ഒരു മാസം ഇടതുമുന്നണിക്ക് ഒപ്പം പ്രവർത്തിക്കും. കുറഞ്ഞ പക്ഷം വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിലേക്കുളള ഒരു പാലം കൂടിയായി ഇതിനെ മാറ്റാനാവും ഇടതു മുന്നണി ശ്രമം.

ശബരിമല സ്ത്രീ പ്രവേശന വിധി ആചാര വിഷയമല്ല എന്നും വിശ്വസിക്കാനും ആരാധിക്കാനുമുളള മൗലികാവകാശമാണെന്ന്  തെളിയിക്കാൻ ഇതിലൂടെ കഴിയുമെന്ന സാധ്യതയും സർക്കാർ മുന്നിൽ കാണുന്നു. ഒരു പൊതു വിഷയത്തിൽ സമുദായ സംഘടനകളെ ഔദ്യോഗികമായി കൂട്ടിയോജിപ്പിച്ചുളള സി പി എമ്മിന്റെ രാഷ്​ട്രീയ പരീക്ഷണത്തെ മറികടക്കാൻ സുപ്രീം കോടതി വിധിയെ എതിർത്ത് സമരരംഗത്തെത്തിയ കോൺഗ്രസിനും സംഘപരിവാറും അടക്കമുളള മറുചേരിക്ക് പുതിയ പരീക്ഷണമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.