തിരുവനന്തപുരം: ജസ്‌ന മരിയ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു. ജസ്‌നയുടെ കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു. ജസ്‌നയെ കാണാതായിട്ട് 91 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് പൊലീസിന്റെ അലംഭാവം കൊണ്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. ദാസ്യപ്പണി ചെയ്യാനാണ് പൊലീസിന് ഇപ്പോള്‍ നേരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജസ്‌നയെ കാണാതായിട്ട് 91 ദിവസമായി. കേരള പൊലീസിന് ഇപ്പോള്‍ കേസ് തെളിയിക്കുന്നതിലല്ല, ദാസ്യപ്പണി ചെയ്യുന്നതിലാണ് താത്പര്യം. പട്ടിയെ കുളിപ്പിക്കുകയും കൊച്ചമ്മമാരെ കുളിപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നത്. മസാജ് ചെയ്യുക, പ്രസവം എടുക്കുക പോലുളള ജോലികള്‍ ചെയ്യുന്ന പൊലീസിനെയാണ് കാണുന്നത്. എറണാകുളത്ത് നിന്നും പ്രത്യേക പാഴ്സലായി ബ്ലൗസ് തിരുവനന്തപുരത്ത് എത്തിക്കുകയാണ് പൊലീസ്. ഒരുകാലത്തും കാണാത്ത പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന് ഇച്‌ഛാശക്തിയില്ല. കേരള പൊലീസ് എന്നും ഇന്ത്യയുടെ പൊലീസിന് മാതൃകയാണ്. പക്ഷെ അവരെ നിയന്ത്രിക്കുന്നവര്‍ക്ക് പിഴച്ചാല്‍ പൊലീസിനും പിഴക്കും. എല്ലാം ശരിയാക്കാന്‍ വന്നവര്‍ നാടിനെ കുട്ടിച്ചോറാക്കുന്നതിലെ ഉദാഹരണമാണ് ജസ്‌ന കേസിലെ അലംഭാവം. കേസ് സിബിഐക്ക് വിടണം. എന്നാല്‍ സിബിഐ എന്ന് കേട്ടാല്‍ പിണറായി വിജയന് നെഞ്ചിടിക്കും’, ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ മാർച്ച് 22-ാം തീയതിയാണ് ജസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല. മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് നിലവിൽ ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്. ജസ്‌നയെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചെന്നൈയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതാണെന്ന് സംശയിച്ചെങ്കിലും പിന്നീട് ഇത് തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ