തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ബിജെപിക്ക് മറയായത് സിപിഎമ്മിന്റെ പ്രവൃത്തികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന കമ്മറ്റി കഴിഞ്ഞാൽ മാധ്യമ പ്രവർത്തകർക്ക് മുഖം കൊടുക്കാതെ പിഎസ് ശ്രീധരൻ പിള്ളയെ പത്രസമ്മേളനത്തിനു അയക്കുകയാണ് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചെയ്തത്. മെഡിക്കൽ കോളേജ് കോഴ ,കുഴൽപണ ഇടപാട് ,വ്യാജ രസീത് ,ഗുണ്ടാപിരിവ് എന്നീ വിവാദങ്ങളിലൂടെ മുഖം തകർന്ന് ,മാധ്യമങ്ങളെ കണ്ടാൽ ഓടി ഒളിക്കുന്ന അവസ്ഥയിലായിരുന്നു സംസ്ഥാന ബിജെപി നേതാക്കളെന്നും ചെന്നിത്തല പറഞ്ഞു.
“എന്നാല്‍ കൊലപാതകത്തിലൂടെ,തിരുവനന്തപുരം നഗരത്തിലെ അതിക്രമങ്ങളോടെ വേട്ടയാടപ്പെട്ട വിഷയങ്ങളെ മറച്ചു പിടിച്ച് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് അവസരമുണ്ടായി. ജാള്യത ഇല്ലാതെ പൊതുരംഗത്ത് വീണ്ടും എത്താൻ ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൊടുങ്ങല്ലൂരിലെ സ്വയം സേവകന്റെ സ്വയം നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കിത്തീർത്ത് ആർഎസ്‌എസിന്റെ മനസമാധാനം സംരക്ഷിച്ച ഇരട്ടസംഘൻ സർക്കാരിന് അഭിവാദ്യങ്ങളെന്നാണ് വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചത്.