തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങിയതിൽ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും കുട്ടനാട്ടിലേക്ക് തിരിഞ്ഞുനോക്കുകയോ അവലോകന യോഗം കഴിഞ്ഞിട്ട് വിശദീകരിക്കുകയോ ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് തമ്പുരാൻ മനോഭാവമാണെന്നും ചെന്നിത്തല പറഞ്ഞു.

‘കുട്ടനാട് സന്ദർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണ്. കുട്ടനാട് ജനതയോട് കാണിക്കുന്ന ഈ തിരസ്കാരത്തിൽ പ്രതിഷേധിച്ചാണ് അവലോകനയോഗത്തിൽ നിന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ വിട്ടുനിന്നത്. പ്രളയ ദുരന്തം കേന്ദ്രസർക്കാരിന്റേയും പാർലമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നത് എംപിമാരായ കെസി വേണുഗോപാൽ ,കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ്.ഇന്നലെ വൈകിട്ട് മാത്രമാണ് ഇവരെയും യോഗവിവരം അറിയിച്ചത്. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കണം എന്നത് ജനവികാരമാണ്.മുഖ്യമന്ത്രി ഈ വികാരത്തിന് എതിരായി പ്രവർത്തിച്ചുകൊണ്ടാണ് എംപിമാരും അവലോകനയോഗം ബഹിഷ്കരിച്ചത്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പൂർണപരാജയമാണ്’, ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശന പരിപാടിയില്‍ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. ഇതിനിടെ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി മറുപടി പറയാതെ അകത്തേക്ക് പോവുകയായിരുന്നു. യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയെങ്കിലും പെടുന്നനെ അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ നടക്കുന്നുണ്ടെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി അവിടെയെത്തണമെന്ന് വാശി പിടിക്കുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രി എന്തുകൊണ്ട് കുട്ടനാട് സന്ദര്‍ശിക്കുന്നില്ലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.