തിരുവനന്തപുരം: മഹാഭാരതം സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം ഉത്തരവുകൾ ഇറക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

“സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപെട്ടവർ തയാറാകാത്തത് എന്തുകൊണ്ടാണ് ? കേരളത്തിലെ സംഘപരിവാർ നേതാക്കൾ കേട്ടാലറക്കുന്ന ഭാഷയുമായിട്ടാണ് തെരുവിൽ പോർവിളി നടത്തുന്നത്. നിലവാരമില്ലാത്ത ഭാഷയിൽ വർഗീയ വിഷം തുപ്പുന്നതിൽ ഇവർ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണ്. മഹാഭാരതം സംരക്ഷിക്കാൻ “സ്വയം പ്രഖ്യാപിത കുത്തകപാട്ടക്കാർ“ ആകുന്നതിന് മുൻപ് ഈ പുസ്തകം ഒന്ന് നിവർത്തി വായിക്കണം എന്നാണ് ഇക്കൂട്ടരോട് ആവശ്യപെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

“വരുംകാലത്തെ സാഹിത്യകാരന്മാർക്ക്, അവരുടെ വീക്ഷണകോണിൽ നിന്നും എഴുതാനായി നിരവധി തന്തുക്കൾ വേദവ്യാസൻ മഹാഭാരതത്തിൽ നിരത്തിയിട്ടുണ്ട്. മഹാഭാരതത്തിൽ നിന്നുള്ള ശ്രീകൃഷ്ണ കഥ വികസിപ്പിച്ചാണ് ശ്രീമദ് ഭാഗവതം വ്യാസൻ തന്നെ എഴുതിയത്. ഭീമനെ അടർത്തിയെടുത്ത് നായക പദവിയിലേക്ക് ഉയർത്തി വളരെ മനോഹരമായിട്ടാണ് എം ടി വാസുദേവൻ നായർ ‘രണ്ടാംമൂഴം’എഴുതിയത്. ശിവജി സാവന്ത് കർണനെയാണ് ഏറ്റെടുത്തത്. എന്റെ സുഹൃത്തും പ്രിയ എഴുത്തുകാരനുമായ ആനന്ദ് നീലകണ്ഠൻ ദുര്യോധനനിലൂടെ മഹാഭാരതം വായിച്ചെടുക്കുന്നു. വ്യാസൻ വരച്ചിട്ട ദുര്യോധനൻ, ആനന്ദിന്റെ പുസ്തകത്തിൽ സുയോധനനായി പുനർജ്ജനിക്കുന്നു. പാഞ്ചാലി, ഗാന്ധാരി, ശകുനി തുടങ്ങിയ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവേകി എത്രയെത്ര നോവലുകൾ എത്രയെത്ര ഭാഷകളിൽ രചിച്ചിരിക്കുന്നു. രാമായണവും മഹാഭാരതവുമൊക്കെ പലതവണ പുനർവായനകൾക്ക് വിധേയമായിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

“രണ്ടാമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായകാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലിൽ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീർക്കാൻ വർഗീയവാദികൾ ശ്രമിക്കേണ്ട. മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാർ അജണ്ടയെ നാം കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ശശികല രണ്ടാമൂഴത്തിനെതിരെ രംഗത്ത് വന്നിരുന്നു. നോവല്‍ സിനിമയാക്കുമ്പോള്‍ മഹാഭാരതം എന്ന പേര് ഇടാന്‍ അനുവദിക്കില്ലെന്നായിരുന്നു ശശികലയുടെ ഭീഷണി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ