ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും ഭായ്-ഭായ് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതാനും സീറ്റില്‍ വിജയിപ്പിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ വെറുതെ വിടാമെന്നതാണ് ഇരുവരും തമ്മിലുള്ള ഡീലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമേ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളൂവെന്നും മോദിയുടെ അനുസരണ കുട്ടിയാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

“അവസരം കിട്ടുമ്പോഴൊക്കെ പിണറായി വിജയന്‍ ചെയ്യുന്നത് മോദിയെ പുകഴ്ത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമേ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളൂ. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി. അവര്‍ ഭായ്-ഭായ് കളിക്കുകയാണ്. ഏതാനും സീറ്റില്‍ ജയിപ്പിക്കാം. മറിച്ച് സ്വര്‍ണക്കടത്ത് കേസ് ഒഴിവാക്കണമെന്നതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീല്‍. ഇത് താന്‍ പറഞ്ഞതല്ല. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ ബാലശങ്കര്‍ പറഞ്ഞതാണ്,” രമേശ് ചെന്നിത്തല പറഞ്ഞു.

Read More: ‘ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം, രാജേഷിന്റെ സ്‌പെഷലൈസേഷന്‍ ബീഫ് ഫെസ്റ്റില്‍’; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി സ്ഥാനാർഥി

“ജിഎസ്ടിയില്‍ അര്‍ഹമായ നഷ്ടപരിഹാരം വാങ്ങാന്‍ കേരളത്തിന് കഴിഞ്ഞോ. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയോ, ഏതെങ്കിലും കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ തുടങ്ങിയോ, നാണ്യവിള ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞപ്പോള്‍ അന്ന് നരേന്ദ്ര മോദി പറഞ്ഞത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു. അത് ചെയ്‌തോ. അത് ചെയ്യാന്‍ കേരളം ഇടപെട്ടോ. കഴിഞ്ഞ അഞ്ച് വര്‍ഷമായി നരേന്ദ്ര മോദിയെന്ന വാക്ക് പോലും ഒരിടത്തും പറഞ്ഞിട്ടില്ല,” ചെന്നിത്തല വിമർശിച്ചു.

ഇരട്ട വോട്ട് ആരോപണത്തില്‍ താൻ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. താന്‍ പറയുന്നതാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെയുള്ളൂവെന്ന തിരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷം നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് ചൂണ്ടിക്കാണിച്ചത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.