ആലപ്പുഴ: വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വനിതാ മതിലിനെ എതിര്‍ക്കുന്ന തന്നെ മുഖ്യരക്ഷാധികാരിയാക്കിയ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തി.

ജില്ലയിലെ മന്ത്രിമാര്‍ക്കൊപ്പമാണ് വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എംഎല്‍എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്. കളക്ട്രേറ്റിലാണ് ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. കെ സി വേണുഗോപാല്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്റെ രക്ഷാധികാരിയാവും.

തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ചെന്നിത്തല തന്നെ രംഗത്തെത്തി. വനിതാ മതിലിന്റെ രക്ഷാധികാരിയായി തന്നെ വച്ചത് മര്യാദകേടും അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കുമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത് ചെയ്തത്. ഇതിലുള്ള തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ടെന്നും ചെന്നി്ത്തല അറിയിച്ചു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് തനിക്കും യു.ഡി.എഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല സമൂഹത്തില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുന്ന ഈ നീക്കം അപകടകരവുമാണ്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തന്നെ താന്‍ കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അത് പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തത് രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി അല്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

രണ്ടു തവണയാണ് പി.ആര്‍.ഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പില്‍ തന്റെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരു വച്ച് തന്നെ ഇറക്കി. ഇത് മനപൂര്‍വ്വമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണം. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.