തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണങ്ങൾ കേരള പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചെന്നിത്തല, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി.

സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹകുറ്റവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിൽ കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയത് സംബന്ധിച്ചും ഔദ്യോഗിക വാഹനങ്ങൾ കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തതും, മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കുമൊന്നും എൻഐഎ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും, അതിനാൽ ഇക്കാര്യങ്ങൾ കേരള​ പൊലീസ് അന്വേഷിക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Read More: ‘സ്വര്‍ണവേട്ട’യ്ക്ക് പ്രതിപക്ഷവും ബിജെപിയും; അന്വേഷണത്തിന് എന്‍ഐഎ

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഎപിഎ ചുമത്തുന്നത്. സ്വര്‍ണക്കടത്തില്‍നിന്നുള്ള വരുമാനം ഭീകര പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.

നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കസ്റ്റംസ് ഈ നിലപാടെടുത്തത്.

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പരിരക്ഷയുടെ മറവില്‍ രാജ്യത്തേക്കു സ്വര്‍ണം കടത്തിയ വന്‍ റാക്കറ്റിലെ കണ്ണിയാണു സ്വപ്ന. സര്‍ക്കാര്‍ ഏജന്‍സികളെയും കസ്റ്റംസിനെയും കബളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിലും ഗൂഢാലോചനയിലും സ്വപ്നക്ക് സജീവ പങ്കാളിത്തമുണ്ട്. സ്വപ്നക്കെതിരെ സാക്ഷിമൊഴിയുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.