തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിന്മേലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് സർക്കാർ ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുത്. സുപ്രീം കോടതിയുടെ തീരുമാനം ഭക്തജനങ്ങളുടെ വിജയമാണ്. ഇത് ഭക്തജനങ്ങള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്നു. രാഷ്ട്രീയ കക്ഷികളില്‍ കോണ്‍ഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷന്‍ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ പ്രയാര്‍ ഗോപാലകൃഷ്ണനാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ബിജെപിയും മറ്റും റിവ്യൂ ഹര്‍ജി പോലും നല്‍കാതെ കള്ളക്കളി കളിക്കുകയായിരുന്നു.
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ജനഹിതം മാനിച്ച് വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല വിധിക്കെതിരെ സമർപ്പിച്ച എല്ലാ പുനഃപരിശോധന ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ചേബംറിലാണ് ഹർജികൾ പരിഗണിച്ചത്. മണ്ഡല മകരവിളക്കിനുശേഷം ജനുവരി 22 നാണ് റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കുക. അതേസമയം, സുപ്രീം കോടതിയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച ചരിത്ര വിധിക്ക് സ്റ്റേ നൽകിയില്ല.