തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരിന് വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ആശയക്കുഴപ്പമുണ്ട്. ദിവസേനയുളള പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്. കേന്ദ്രവും കേരളവും രാഷ്ട്രീയം കളിക്കുന്നു. ഇരുസർക്കാരുകളും പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കണം. വിദേശത്തുനിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവരിൽ ടിക്കറ്റിനുളള പണം കയ്യിൽ ഇല്ലാത്തവരുണ്ട്. അവർക്ക് ടിക്കറ്റിനുളള തുക നൽകാനായി എംബസി ഫണ്ട് ഉപയോഗിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിൽനിന്നുളള അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് ട്രെയിനിൽ മടക്കി അയക്കുന്നുണ്ട്. ട്രെയിൻ യാത്രാക്കൂലി അവരിൽനിന്നാണ് ഈടാക്കുന്നത്. സംസ്ഥാനമോ, കേന്ദ്രമോ അവർക്ക് ഒരു ആനുകൂല്യവും നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ യാത്രാക്കൂലി അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ നൽകണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചത്. ഇതനുസരിച്ച് പണം നൽകാനായി ജില്ലാ കലക്ടർമാരെ സമീപിച്ചെങ്കിലും അവർ വാങ്ങാൻ തയ്യാറായില്ല. കോൺഗ്രസ് നൽകിയ പണം നിരസിച്ചത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ കയ്യിൽ പണമുണ്ടെങ്കിൽ അവരുടെ കയ്യിൽ ഇരിക്കട്ടെയെന്നാണ് കേരള മുഖ്യമന്ത്രി പറഞ്ഞത്. പ്രളയ ദുരിതശ്വാസ ഫണ്ട് വെട്ടിച്ച സിപിഎമ്മുകാരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇങ്ങനെ പറഞ്ഞത്. ഇത്രയും ധാർഷ്ട്യം തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് പാടില്ല. കർണാടക മുഖ്യമന്ത്രി കോൺഗ്രസ് നൽകിയ ഒരു കോടി രൂപ വാങ്ങി. അപ്പോഴാണ് കേരള മുഖ്യമന്ത്രി കോൺഗ്രസിന്റെ പണം വേണ്ടെന്നു പറയുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണിത്. വില കുറഞ്ഞ രാഷ്ട്രീയ കളിയാണിത്. കേരളത്തിലെ ജനങ്ങൾ അത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും: സോണിയ ഗാന്ധി

ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് റെയിൽവേ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. അതത് സംസ്ഥാനങ്ങൾ തൊഴിലാളികളിൽനിന്നും ടിക്കറ്റ് നിരക്ക് ശേഖരിച്ച് റെയിൽവേയ്ക്ക് കൈമാറണമെന്നായിരുന്നു റെയിൽവേ അറിയിച്ചത്. ഇതിനുപിന്നാലെയാണ് നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രയ്ക്കുള്ള ചെലവ് ഓരോ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും വഹിക്കുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനമെടുത്തതായി സോണിയ ഗാന്ധി അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.