ന്യൂഡൽഹി: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന ആവശ്യം തളളിയതിനെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയല്ല. ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണിത്. 40 ലക്ഷം പേർ ചുരുങ്ങിയ സമയത്തിനുളളിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുകയെന്നത് ബുദ്ധിമുട്ടുളള കാര്യമാണെന്ന് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ പിന്തുണച്ച് മന്ത്രി എ.സി.മൊയ്തീൻ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അന്തിമമാണെന്നും 2015 ലെ വോട്ടർപട്ടികയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു എൽഡിഎഫ്, യുഡിഎഫ് അടക്കമുളള രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ ഈ ആവശ്യം തളളി.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ച്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കേണ്ട തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടർപട്ടിക പുതുക്കി ഉപയോഗിക്കേണ്ടി വന്നാൽ 25 ലക്ഷത്തോളം വോട്ടർമാരെ എങ്കിലും പുതുതായി ചേർക്കേണ്ടി വരുമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. പരേതരും സ്ഥലത്തില്ലാത്തവരുമായ നാലോ അഞ്ചോ ലക്ഷം പേരെയെങ്കിലും പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിയും വരുമെന്നായിരുന്നു വിലയിരുത്തൽ.

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടികയാണു വാർഡ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് 2015 ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വൻ തുക ചെലവഴിച്ചും ഒട്ടേറെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ചും തയാറാക്കിയ ഈ പട്ടിക ഉപേക്ഷിക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.