കോഴിക്കോട്: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പൊറുക്കാനാകാത്ത തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ സ്വീകരിക്കാമായിരുന്നുവെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.

ഹര്‍ത്താല്‍ കാരണം പൊതുജനങ്ങളും ശബരിമലയ്ക്കു പോകാന്‍ മാലയിട്ട അയ്യപ്പ ഭക്തന്‍മാരുമെല്ലാം കഷ്ടപ്പെടുകയാണ്. നിലവില്‍ ഹര്‍ത്താല്‍ നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ബിജെപിയും മാപ്പ് പറയണമെന്നും, ബിജെപിയും ആര്‍എസ്എസും ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെയ്യേണ്ടത് ചെയ്യാതെ ബിജെപിയും ആര്‍എസ്എസും മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജാണെന്നും, പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മം ബിജെപിയും ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, സാവകാശ ഹര്‍ജി നല്‍കാനുള്ള തീരുമാനം വൈകിവന്ന വിവേകമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ