പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടന്ന സമരത്തിന്‍റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാകും. ജാമ്യമെടുക്കുന്നതിനായാണ് രമേശ് ചെന്നിത്തല ഹാജരാകുന്നത്. നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ഒന്നാം പ്രതിയാണ് ചെന്നിത്തല. ഉമ്മൻ ചാണ്ടി അടക്കമുളള നേതാക്കള്‍ നേരത്തേ ജാമ്യം എടുത്തിരുന്നു.

നേതാക്കളും ജനപ്രതിനിധികളുമടക്കം 17 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ നവംബറിലാണ് പ്രതിപക്ഷ നേതാക്കള്‍ നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയത്. യുഡിഎഫിന്റെ അൻപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഒൻപത് നേതാക്കളായിരുന്നു. ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലെത്തിയ സംഘം പമ്പ വരെയെത്തിയ ശേഷമാണ് മടങ്ങിയത്.

നിലയ്ക്കലിൽ വച്ച് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. എംഎൽഎമാരെ മാത്രമേ പമ്പയിലേയ്ക്ക് കടത്തിവിടൂ എന്ന് പൊലീസ് നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.