തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര് എസ് എസിന്റെ പ്രിയപ്പെട്ട നേതാവ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ചെന്നിത്തലയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും.
രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്- ആര് എസ് എസ് ബന്ധം തെളിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ടെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചയാളാണ് ചെന്നിത്തലയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിലും സ്വര്‍ണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചു വിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പാലത്തായി പീഡനക്കേസ്: അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും, അന്വേഷണ സംഘം വിപുലീകരിച്ചു
കോടിയേരി മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും തീവ്ര ഹിന്ദുത്വ സംഘടനയായ ആര് എസ് എസുമായി എന്നും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സിപിഎം എന്നും മുല്ലപ്പള്ളി പറഞ്ഞു. “ഹിന്ദു മഹാസഭയുടേയും ആര് എസ് എസിന്റേയും ആരംഭം മുതല്‍ ഇന്നുവരെ തീവ്രഹിന്ദു രാഷ്ട്രീയത്തിനെതിരെ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുത്ത പ്രസ്ഥാനം കോണ്‍ഗ്രസാണ്.”
അതേസമയം, 1964-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിപിഎമ്മിനെ 1942-ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെടുത്തിയും മുല്ലപ്പള്ളി വിമര്‍ശിച്ചിട്ടുണ്ട്. “ദേശീയ പ്രസ്ഥാന കാലം മുതല്‍ ആര് എസ് എസുമായി ചേര്‍ന്ന് ബ്രിട്ടീഷുകാരെ സഹായിച്ച ചരിത്രമാണ് സിപിഎമ്മിന്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും സ്വാതന്ത്ര്യലബ്ധിയെ തള്ളിപ്പറഞ്ഞതും നാടു മറന്നിട്ടില്ല, മുല്ലപ്പള്ളി ഫേസ് ബുക്കില്‍ കുറിച്ചു.”
സിപിഎമ്മിന്റെ ആര് എസ് എസ് വിരോധം ഒട്ടും ആത്മാര്‍ത്ഥയില്ലാത്തത് ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. 1977-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് എസ് എസുമായി കൈകോര്‍ത്ത് പിണറായി വിജയന് മത്സരിച്ചപ്പോള്‍ കോടിയേരി വോട്ടു പിടിച്ചുവെന്നും അദ്ദേഹം പറയുന്നു.
വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്പ്രിങ്ക്ളര്‍, ബെവ്കോ, ഇ മൊബിലിറ്റി വിഷയങ്ങളില്‍ അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാന്‍ കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന തന്ത്രം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ വിവാദ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കിയപ്പോള് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയെ പിന്തുണച്ച് എത്തിയിരുന്നു.