തിരുവനന്തപുരം: അദാനി ഗ്രൂപ്പിൽ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി തോമസ് ഐസക് ഉന്നയിച്ച വാദങ്ങൾക്ക് മറുപടിയുമായി പ്രതിിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
“പിണറായി വിജയൻ – അദാനി കൂട്ടുകെട്ടാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ആയിരം കോടി രൂപയുടെ അധികബാധ്യത വരുത്തിവയ്ക്കുന്ന കാറ്റാടി അഴിമതിക്കരാറിനു പിന്നിൽ”എന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ രമേശ് ചെന്നിത്തല നടത്തുന്നത് നുണപ്രചാരണമാണ് എന്നാണ് തോമസ് ഐസക് പ്രതികരിച്ചത്.
ഈ വിഷയത്തിൽ തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലില്‍ ചാരി തീര്‍ക്കുകയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
Read More: “ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?”; ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്ക്
“പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ.അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയില്‍ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവന്‍ വിശദാംശങ്ങളും തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു,” ചെന്നിത്തല പറഞ്ഞു.
“തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീര്‍ക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്,” ചെന്നിത്തല പറയുന്നു.
“അല്ലെങ്കില്‍ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോള്‍ കരാറിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ നല്‍കിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?” എന്നും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
കടമെടുത്ത് നിൽക്കുന്ന സർക്കാർ എങ്ങനെയാണു ഖജനാവിൽ പണം മിച്ചവയ്ക്കുന്നതെന്ന ചെന്നിത്തലയുടെ ചോദ്യത്തിന് തോമസ് ഐസക് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഈ മറുപടി സംബന്ധിച്ച പ്രതികരണവും ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
Read More: വികസനക്കണക്കുകൾ: ഉമ്മൻചാണ്ടിയുടെ വാദഗതികൾ വസ്തുതകൾക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി
“സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.മാര്‍ച്ച് 30-ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയില്‍ സംസ്ഥാനത്തിന് വാങ്ങാന്‍ കഴിയുന്ന 2000 കോടിയും കൂടി ചേര്‍ത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്. ഏതായാലും മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന ഒരാള്‍ അയല്‍ക്കാരനില്‍ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ,” ചെന്നിത്തല പറഞ്ഞു.
Read More: ‘മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു’; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഉമ്മൻചാണ്ടി
“നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാന്‍ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്,” ചെന്നിത്തല പറഞ്ഞു.
Read More: കേരളത്തിൽ കോൺഗ്രസ് ജയിക്കും; ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: എ.കെ ആന്റണി
“തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ” പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.